
തിരുവനന്തപുരം: കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് സസ്‌പെൻഷനിലായ ഗ്രേഡ് എസ് ഐ ടി.സി ഷാജി. മദ്യം കളയാൻ ആവശ്യപ്പെട്ടിട്ടില്ല. നിയന്ത്രണങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്‌തതെന്ന് പൊലീസ് അസോസിയേഷൻ മുഖേന മുഖ്യമന്ത്രിയ്‌ക്കും ഡിജിപി അനിൽകാന്തിനും നൽകിയ പരാതിയിൽ ഗ്രേഡ് എസ്.ഐ പറയുന്നു.
കഴിഞ്ഞ നാല് വർഷത്തോളമായി കോവളത്ത് താമസിക്കുന്നയാളാണ് സ്വീഡിഷ് പൗരൻ. അതിനാൽ തന്നെ വിദേശ സഞ്ചാരിയല്ല. രാഷ്‌ട്രപതിയുടെ സന്ദർശനത്തിന്റെ നിയന്ത്രണങ്ങളുളളതിനാൽ ബിച്ചിലേക്ക് മദ്യവുമായി പോകാൻ കഴിയില്ലെന്ന് അറിയിച്ചു. മദ്യം ഒഴുക്കിക്കളയാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ടി.സി ഷാജി പരാതിയിൽ പറയുന്നു.
വെളളാറിലെ ബെവ്‌കൊ ഔട്‌ലെറ്റിൽ നിന്ന് വാങ്ങിയ മൂന്ന് കുപ്പി മദ്യവുമായി സ്‌കൂട്ടറിൽ പോകുകയായിരുന്ന സ്‌റ്റിഗ് സ്‌റ്റീവൻ ആസ്‌ബെർഗിനെ (68) ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാനാവില്ലെന്ന് അറിയിച്ച് പൊലീസ് തടഞ്ഞതാണ് വിവാദത്തിന് കാരണമായത്.
തുടർന്ന് മദ്യം ഉപേക്ഷിക്കാൻ പൊലീസ് നിർദേശിച്ചതോടെ സ്വീഡിഷ് പൗരൻ മദ്യം വഴിയിൽ ഒഴുക്കിക്കളഞ്ഞു. ഈ സംഭവങ്ങൾ അതുവഴിയെത്തിയ മാദ്ധ്യമപ്രവർത്തകൻ പകർത്തിയതോടെയാണ് സംഭവം വാർത്തയായത്. രണ്ട് കുപ്പി മദ്യം സ്വീഡിഷ് പൗരൻ ഒഴുക്കിക്കളഞ്ഞു. മൂന്നാമത് കുപ്പി മദ്യം കളയേണ്ടെന്നും ബിൽ എത്തിച്ചാൽ മതിയെന്നും പൊലീസ് അറിയിച്ചു. തുടർന്ന് ബിൽ പിന്നീട് ബെവ്‌കോയിലെത്തി വാങ്ങിയ സ്വീഡിഷ് പൗരൻ ഇത് പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
സംഭവം വിവാദമായതോടെ പൊലീസ് സർക്കാരിനെ അളളുവയ്‌ക്കരുതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഇതോടെയാണ് ഗ്രേഡ് എസ്.ഐയെ സസ്‌പെൻഡ് ചെയ്‌തത്. വിരമിക്കാൻ മാസങ്ങൾ മാത്രമുളള 35 വർഷത്തെ സർവീസുളള ഗ്രേഡ് എസ്.ഐ ടി.സി ഷാജിയ്‌ക്കെതിരെ ഇതുവരെ ഒരു അച്ചടക്ക നടപടി പോലും ഉണ്ടായിട്ടില്ല.