
ഒരു ജനതയെ മാറ്റത്തിലേക്ക് നയിക്കണമെങ്കിൽ അതിന് പറ്റിയ ശൈലിയും മാർഗവും സ്വീകരിക്കണം. മാറ്റത്തിന് വിധേയമാക്കാൻ ഉപദേശിക്കുന്ന ജനതയുടെ സംസ്കാരത്തിലും പൈതൃകത്തിലും അധിഷ്ഠിതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടത്. അതുകൊണ്ടാവാം ക്രാന്തദർശിയായ ഗുരുദേവൻ സാമൂഹിക നവോത്ഥാനത്തിന് ക്ഷേത്ര ശൈലി സ്വീകരിച്ചത്.
ഗുരുദേവദർശനത്തിന്റെ മഹിമ പ്രഭാവത്താൽ കേരളത്തിൽ സാമൂഹിക നവോത്ഥാനത്തിന്റെ പ്രകാശമാനമായ പുതിയ പുലരികൾ പൊട്ടിവിടർന്നു. സാമൂഹിക ഘടനയിൽ തന്നെ മൗലിക മാറ്റങ്ങൾ ഉണ്ടായി. ഗുരുദർശനം മുന്നോട്ട് നയിച്ച കേരളത്തിന് പ്രാചീന കേരളത്തിൽ നിന്നും സമൂലമായ മാറ്റംവന്നു. ഒരു നൂറ്റാണ്ടുമുമ്പുള്ള കേരളത്തിന്റെയും അലകും പിടിയും മാറിയ ഇന്നത്തെ കേരളത്തിന്റെയും സാമൂഹിക ചരിത്രം ഇതു വ്യക്തമാക്കുന്നു. അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം വിപ്ളവകരമായ മുന്നേറ്റമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. ക്ഷേത്ര പ്രതിഷ്ഠകൾ മതിയെന്നും ഇനി വിദ്യാഭ്യാസമാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് 1921 ഡിസംബർ മാസം 22-ാം തീയതി മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രത്തിൽ അക്ഷരപ്രഭ പ്രതിഷ്ഠിച്ചുകൊണ്ട് സത്യം, ധർമ്മം, ദയ, ശാന്തി എന്നെഴുതിവച്ചതിലൂടെ ഗുരുദേവൻ ചെയ്തത്. അതൊരു ചരിത്ര സംഭവമായിരുന്നു. അരുവിപ്പുറം പ്രതിഷ്ഠപോലെ വളരെ പ്രാധാന്യമുള്ള സന്ദേശമായിരുന്നു അത്. പ്രഭ പ്രതിഷ്ഠയുടെ ശതാബ്ദി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമായി ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം ആചരിക്കുകയാണ്.
ജനറൽ സെക്രട്ടറി
ശ്രീനാരായണ മതാതീത ആത്മീയ കേന്ദ്രം
8078108298