balloon-cylinder

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഉജ്ജയ്നിൽ ബലൂൺ വിൽപ്പനക്കാരന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ട് വയസ്സുകാരന്റെ നില ഗുരുതരമാണ്. ബലൂണ്‍ വീർപ്പിക്കാൻ ഉപയോഗിക്കുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഒരു ആൾക്കൂട്ടത്തിന് സമീപത്തായി ബലൂൺ വീർപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ബലൂൺ വാങ്ങാനെത്തിയ കുട്ടികൾ കച്ചവടക്കാരന് ചുറ്റിലുമുണ്ടായിരുന്നു. വലിയ ശബ്ദത്തോടെയുള്ള സ്‌ഫോടനമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തെ ചുവരുകൾക്ക് കേടുപാടുകള്‍ സംഭവിച്ചു. സിലിണ്ടറിൽ ഹൈഡ്രജൻ ഗ്യാസ് നിറച്ചതിലുള്ള അപാകതയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നിഗമനം.