ganesh

 ടീമിലെ ആദ്യ ജീവനക്കാരൻ അശോക് എലുസ്വാമി.

ന്യൂഡൽഹി: ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ സുപ്രധാന പദ്ധതിയായ ഓട്ടോപൈലറ്റ് സംവിധാനം സജ്ജമാക്കുന്ന ടീമിനെ നയിക്കുന്നത് ഒരു ഇന്ത്യക്കാരൻ - അശോക് എലുസ്വാമി. ടെസ്‌ല ഓട്ടോപൈലറ്റ് എൻജിനിയറിംഗ് ടീം ഡയറക്‌ടറാണ് അശോക്. ടീമിലേക്ക് ടെസ്‌ല തിരഞ്ഞെടുത്ത ആദ്യ ജീവനക്കാരനാണ് അശോകെന്ന് ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക് കഴിഞ്ഞദിവസം ട്വിറ്ററിൽ വെളിപ്പെടുത്തിയിരുന്നു.

2015 നവംബറിലാണ് ടെസ്‌ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്‌ഠിത ഓട്ടോപൈലറ്റ് സോഫ്‌റ്റ്‌വെയർ ടീം രൂപീകരിക്കുകയാണെന്നും എൻജിനിയർമാരെ ആവശ്യമുണ്ടെന്നും കാട്ടി മസ്‌ക് ട്വീറ്റ് ചെയ്‌തത്. ഇതുപ്രകാരം അപേക്ഷിച്ചാണ് അശോക് ടെസ്‌ലയിലെത്തിയത്. അതിനുമുമ്പ് ഫോക്‌സ്‌വാഗൻ ഇലക്‌ട്രോണിക് റിസർച്ച് ലാബ്, വാബ്‌കോ വെഹിക്കിൾ കൺട്രോൾ സിസ്‌റ്റം എന്നിവിടങ്ങളിലായിരുന്നു അശോകിന് ജോലി.

ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗിൽ ബിരുദവും റോബോട്ടി‌ക്‌സ് സിസ്‌റ്റം ഡെവലപ്‌മെന്റിൽ ബിരുദാനന്തര ബിരുദവും അശോകിനുണ്ട്. റോഡും സിഗ്‌നലുകളും തിരിച്ചറിഞ്ഞ് ഡ്രൈവറില്ലാതെ കാർ സ്വയം ഓടുന്ന സംവിധാനമാണ് ഓട്ടോപൈലറ്റ്.

ഗണേഷ് വെങ്കട്‌രമണൻ

ടെസ്‌ല ഓട്ടോപൈലറ്റ് പദ്ധതിയിലെ ഹാർഡ്‌വെയർ വിഭാഗത്തിൽ സീനിയർ ഡയറക്‌ടർ പദവി വഹിക്കുന്നതും ഇന്ത്യക്കാരനാണ് - ഗണേഷ് വെങ്കട്‌രമണൻ. 2016ലാണ് അദ്ദേഹം ടെസ്‌ല ഓട്ടോപൈലറ്റ് ഹാർഡ്‌വെയർ ടീമിലെത്തിയത്. അതിനുമുമ്പ് ഈ ഐ.ഐ.ടി ഡൽഹിക്കാരൻ 14 വർഷം ചിപ്പ് നിർമ്മാണക്കമ്പനിയായ എ.എം.ഡിയിലായിരുന്നു. ഹൈബ്രിഡ് ടാഗ് ഷെഡ്യൂളറിന് ഉൾപ്പെടെ സ്വന്തം പേരിൽ 20ഓളം പേറ്റന്റുകളുണ്ട് ഗണേഷിന്.