surendran

കൊച്ചി: ഡി ലിറ്റ് വിവാദത്തിൽ ഗവ‌ർണർക്കെതിരെ പ്രസ്‌താവന നടത്തിയ പ്രതിപക്ഷനേതാവിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. നിർഗുണ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശൻ. പിണറായിയെ നിഴൽപോലെ പിന്തുടരുന്ന വി.ഡി സതീശന്റെ സ്ഥാനം അജഗളസ്‌തനം പോലെ ആർക്കും ഉപകാരമില്ലാത്തതാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു. കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുക. സുരേന്ദ്രൻ പറഞ്ഞത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശൻ പറയുന്നത് രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. കേരളത്തിലെ സർവ്വകലാശാലകളെ മുഴുവൻ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമർശിക്കാതെ ഗവർണറെ വിമർശിക്കുന്നതിൽ നിന്നു തന്നെ അദ്ദേഹത്തിന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധർമ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രൻ പറഞ്ഞു.

നേരത്തെ പിണറായി വിജയൻ പാലും പഴവും കൊടുത്തുവളർത്തുന്ന തത്തയായി പ്രതിപക്ഷനേതാവ് മാറിയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരനും വിമർശിച്ചിരുന്നു. അതേസമയം ഗവർണർ വിമർശനത്തിന് അതീതനല്ലെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്‌തതായി ഗവർണർ സമ്മതിച്ചിട്ടുണ്ടെന്നും അങ്ങനെയുള‌ള ഗവർണറെ പ്രതിപക്ഷം വിമർ‌ശിക്കുമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ഇന്ന് അഭിപ്രായപ്പെട്ടത്.