
പാലക്കാട്: സി.പി.എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഇ.എൻ.സുരേഷ് ബാബു നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവ് ചിറ്റൂർ പെരുമാട്ടി കോരിയാർചള്ള ഇടയൻകൊളമ്പ് വീട്ടിൽ ഇ.ആർ.നാരായണന്റെ മകനാണ്.
വിദ്യാർത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സുരേഷ് ബാബു,കോൺഗ്രസിന്റെ കോട്ടയായ ചിറ്റൂരിൽ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജനതാദൾ (എസ്) നോതാവ് കൃഷ്ണൻകുട്ടി വിജയിച്ചതിൽ മുഖ്യ പങ്ക് വഹിച്ചു. ചിറ്റൂർ സഗരസഭാ ഭരണം ഇടതുപക്ഷം സ്വന്തമാക്കിയതിലെ ക്രഡിറ്റുമുണ്ട്.
51കാരനായ സുരേഷ് ബാബു എസ്.എഫ്.ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡിവൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. സി.പി.എം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം, മലബാർ സിമന്റ്സ് ഡയറക്ടർ, ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബിരുദത്തിനുശേഷം നിയമപഠനവും പൂർത്തിയാക്കി. വ്യവസായവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് സി.പി.എമ്മിൽ മുഴുവൻ സമയ പ്രവർത്തകനായത്. നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. അമ്മ: മാധവി. ഭാര്യ: ശ്രീലേഖ. മക്കൾ: മാധവി, ആദി.