
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവർഷാഘോഷങ്ങളുടെ നിയന്ത്രണത്തിനും ഒമിക്രോൺ വ്യാപന സാദ്ധ്യത കുറയ്‌ക്കുന്നതിനും പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണങ്ങൾ നീട്ടില്ല. ഇപ്പോൾ നിലവിലുളള നിയന്ത്രണങ്ങൾ തിങ്കളാഴ്‌ച പുലർച്ചെ അവസാനിക്കും. ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണങ്ങൾ ദുരന്തനിവാരണ വകുപ്പ് പ്രഖ്യാപിച്ചത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുളള സമയങ്ങളിലാണ് നിയന്ത്രണം. 10 മണിയ്‌ക്ക് ശേഷം കടകൾ പ്രവർത്തിക്കാനോ, കൂട്ടംചേർന്ന് നിൽക്കാനോ അനുവദിച്ചിരുന്നില്ല.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന് തീരുമാനിക്കുക. ഇതിന് മുഖ്യമന്ത്രി അദ്ധ്യക്ഷനായി കൊവിഡ് അവലോകന യോഗം ചേരേണ്ടതുണ്ട്. അടുത്ത യോഗം എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ഇതിനിടെ ഇന്ന് 45 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 150 പിന്നിട്ടു. ഇതുവരെ 152 പേർക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.