neet

തിരുവനന്തപുരം:നീറ്റ് മെഡിക്കൽ പ്രവേശനത്തിനൊപ്പം,സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിലും,വിദ്യാലയ പ്രവേശനത്തിലും സാമ്പത്തിക സംവരണത്തിനുള്ള വരുമാന പരിധി ഈ വർഷം മുതൽ എട്ട് ലക്ഷം രൂപയാക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് ഇനി സമയം വളരെ കുറവായതിനാൽ എട്ട് ലക്ഷത്തിൽ മാറ്റം വേണ്ടെന്നും, വരുമാന പരിധി അടുത്ത വർഷം പുന:പരിശോധിക്കാമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയതും ,സുപ്രീം കോടതിയെ സമ്മർദ്ദത്തിലാക്കി കാര്യം നേടാനാണ്..

കഴിഞ്ഞ ഒക്ടോബർ 24 മുതൽ 29 വരെയാണ് കേന്ദ്ര ക്വാട്ടയിൽ പ്രവേശനത്തിനുള്ള മെഡിക്കൽ കൗൺസലിംഗ് നിശ്ചയിച്ചിരുന്നത്,ഒക്ടോബർ 7ന് കേസ് പരിഗണിച്ചപ്പോൾ ,മുന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി 8 ലക്ഷമാക്കുന്നതിന്റെ സാംഗത്യം സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. പിന്നാക്ക സംവരണത്തിനും,മുന്നാക്ക സംവരണത്തിനും ഒരേ മാനദണ്ഡമാക്കുന്ന കേന്ദ്ര സർക്കാർ, രാജ്യത്തെ പിന്നാക്കാവസ്ഥ മാറ്റിയോയെന്ന് ചോദിച്ച കോടതി ,ഇക്കാര്യത്തിൽ ഉടൻ വിശദീകരണം തേടി.എന്നാൽ,ഇക്കാര്യം പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്രം അറിയിച്ചത് നവംബർ 24 നാണ്.പുതിയ സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിന് നാലാഴ്ചത്തെ സമയം അനുവദിച്ച കോടതി, അതു വരെ മെഡിക്കൽ പ്രവേശന നടപടികൾ സ്റ്റേ ചെയ്തു.സമിതി റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. വരുമാന പരിധി 8 ലക്ഷമാക്കുന്നതിൽ നേരത്തേ കടുത്ത ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി, ഇനി വ്യാഴാഴ്ച എന്ത് തീരുമാനമെടുക്കുമെന്നതാണ് നിർണ്ണായകം.