
നടി കാജൽ അഗർവാൾ അമ്മയാകാനൊരുങ്ങുന്നു. ഭർത്താവ് ഗൗതം കിച്ച്ലു തന്റെ ഇൻസ്‌റ്റഗ്രാമിലെ പ്രൊഫൈലിൽ പുറത്തുവിട്ട നടിയുടെ ചിത്രത്തിലാണ് ഈ വാർത്ത പുറത്തുവിട്ടത്. ഡിസംബർ മാസത്തിൽ താരം പുറത്തുവിട്ട ചിത്രം കണ്ട ആരാധകർ കാജൽ ഗർഭിണിയാണോ എന്ന ചോദ്യം ചോദിച്ചിരുന്നു. എന്നാൽ അന്ന് താരമോ ഗൗതമോ വിവരം അറിയിച്ചിരുന്നില്ല. 2022 ഇതാ നിങ്ങളെ നോക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ 'വിശേഷ' വിവരം ഗൗതം കിച്ച്ലു പുറത്തുവിട്ടത്. ഇരുവർക്കും അഭിനന്ദനങ്ങളുമായി സഹതാരങ്ങളും ആരാധകരും കമന്റ് ചെയ്‌തിട്ടുണ്ട്.
ഏറെ നാളത്തെ സൗഹൃദത്തിനും മൂന്ന് വർഷം നീണ്ട പ്രണയത്തിനും ശേഷം 2020 ഒക്‌ടോബറിലാണ് കാജൽ അഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതരായത്. 'ക്യൂൻ ഹോ ഗയാ' എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കാജൽ രാംചരണൊപ്പം അഭിനയിച്ച 'മഗധീര' വൻ ഹിറ്റായിരുന്നു.
തുടർന്ന് സൂപ്പർ നായികയായി മാറിയ കാജൽ ആര്യ 2, നാൻ മഹാൻഅല്ലൈ, മാട്രാൻ, ജില്ല, തുപ്പാക്കി, മെർസൽ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. നിലവിൽ ഇന്ത്യൻ 2, ദുൽഖറിന്റെ ഹേയ് സിനമിക, പാരിസ് പാരിസ് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് പുറത്തിറങ്ങാനുളളത്.