blasters

കേരളാ ബ്ളാസ്റ്റേഴ്സ് 2- എഫ്.സി ഗോവ 2

മഡ്ഗാവ് : രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയെങ്കിലും രണ്ടെണ്ണം തിരികെ വാങ്ങിയ കേരള ബ്ളാസ്റ്റേഴ്സ് ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ എഫ്.സി ഗോവയോട് സമനില വഴങ്ങി.

മത്സരത്തി​ന്റെ ആദ്യ പകുതി​യി​ൽത്തന്നെ നാലുഗോളുകളും പി​റന്നു. 20 മിനിട്ടിനുള്ളിൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്ന ബ്ളാസ്റ്റേഴ്സിനെ അടുത്ത 18 മിനിട്ടിനുള്ളിൽ സമനിലയിലെത്തിക്കുകയായിരുന്നു ഗോവൻ ടീം.

പത്താം മിനിട്ടിൽ ജീക്ക്സൺ സിംഗിലൂടെയാണ് മഞ്ഞപ്പട സ്കോറിംഗ് തുടങ്ങിവച്ചത്. ഒരു കോർണർകിക്കിൽ നിന്ന് അഡ്രിയാൻ ലൂണ നൽകിയ ക്രോസാണ് ജീക്ക്സൺ ഹെഡറിലൂടെ ഗോളാക്കി മാറ്റിയത്. 20-ാം മിനിട്ടിൽ അഡ്രിയാൻ സ്കോർ ചെയ്തു. അൽവാരോ വസ്ക്വേസിന്റെ പാസിൽനിന്നാണ് അഡ്രിയാൻ വലകുലുക്കിയത്.

24-ാം മിനിട്ടിൽ ഗോവയുടെ ആദ്യ തിരിച്ചടി പിറന്നു.സേവ്യർ ഗാമ നൽകിയ പാസിൽ നിന്ന് ബോക്സിന് പുറത്തുനിന്നുള്ള ലോംഗ്ഷോട്ടിലൂടെ ജോർജ് ഓട്ടിസാണ് ആദ്യ ഗോൾ നേടിയത്. 38-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് സമനില ഗോളും പിറന്നു. രണ്ടാം പകുതിയിൽ ഇരുടീമുകളും ഗോളടിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വലകുലുങ്ങിയില്ല.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ളാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്. ഒൻപത് കളികളിൽ നിന്ന് ബ്ളാസ്റ്റേഴ്സിന് 14 പോയിന്റായി. പട്ടികയിൽ മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട ഇപ്പോൾ.ഒൻപത് മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോവ.