
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിനുള്ള ബിൽ പരിശോധിക്കുന്നതിനുള്ള പാർലമെന്റിന്റെ 31 അംഗ സ്ഥിരം സമിതിയിൽ ആകെ ഒരു വനിത എം.പി മാത്രം. തൃണമൂൽ കോൺഗ്രസിന്‍റെ സുഷ്മിത ദേവ് മാത്രമാണ് ഏക വനിതാ അംഗം. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച വിവാഹ ബിൽ വിദ്യാഭ്യാസ, വനിത, ശിശു, യുവജന, കായിക വിഷയങ്ങൾക്കായുള്ള പാർലമെന്‍ററി സ്ഥിരം സമിതിക്ക് വിട്ടിരിക്കുകയാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന പാനലിൽ കൂടുതൽ വനിതാ എം.പിമാർ ഉണ്ടാകേണ്ടതായിരുന്നുവെന്ന് എൻ.സി.പി എം.പി സുപ്രിയ സുലെ പറഞ്ഞു.