arrest

മനാമ: കൂടിയ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി സ്വന്തം ശമ്പളം നിയമവിരുദ്ധമായി മൂന്ന് മടങ്ങ് കൂട്ടിയ മുൻ സിവിൽ ഉദ്യോഗസ്ഥന് തടവ് ശിക്ഷയും പിഴയും. ബഹ്റൈൻ ക്രിമിനൽ കോടതിയാണ് മുൻ സിവിൽ ഉദ്യോഗസ്ഥൻ വർഷങ്ങളായി നടത്തിവന്ന തട്ടിപ്പിന് ശിക്ഷ നൽകിയത്.

2008ൽ 1950 റിയാൽ ശമ്പളത്തിനാണ് ഇയാൾ ഒരു പരിശീലന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് വ്യാജ ഇലക്‌ട്രോണിക് രജിസ്‌ട്രേഷൻ കരാർ വഴി ശമ്പളം 2100 ദിനാറാക്കി. പിന്നീട് 2774 ദിനാറായും വർദ്ധിപ്പിച്ചു. തട്ടിപ്പ് കണ്ടെത്തി ജോലിയിൽ നിന്ന് നീക്കിയിട്ടും തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാൾ വീണ്ടും ശമ്പളം ഉയർത്തി. ഉദ്യോഗസ്ഥരുടെ ജോലി വിവരങ്ങളും ശമ്പളവും വിവരങ്ങൾ നൽകുന്നതും അത് പുതുക്കുന്നതുമായിരുന്നു ഈ ഉദ്യോഗസ്ഥന്റെ ജോലി. ഇതുവഴി വിരമിക്കൽ സമയത്തെ സ്‌റ്റൈപന്റായി ഇയാൾ 15,000 ദിനാ‌ർ സ്വന്തമാക്കി.

ഈ സമ്പാദിച്ച 15,000 ദിനാർ പിഴയായി കോടതി വിധിച്ചു. ഒപ്പം ഏഴ് വ‌ർഷം തടവുശിക്ഷയും വിധിച്ചു. സ‌ർക്കാർ അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തിയതോടെയാണ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്.