
റിയാദ്: കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 1,000 റിയാലാണ് പിഴ ചുമത്തുക. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പരമാവധി 100,000 റിയാല്‍ വരെ (20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലവും സൗദിയില്‍ കര്‍ശനമാക്കിയിരുന്നു. 2021 ഡിസംബര്‍ 30 മുതല്‍ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‍കും സാമൂഹിക അകലവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രാജ്യത്തെ റസ്റ്റോറന്റ്, കഫേ എന്നിവിടങ്ങളിൽ കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിട്ടി നേരത്തെ അറിയിച്ചിരുന്നു. .