tesla

ന്യൂഡൽഹി: ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ സുപ്രധാന പദ്ധതിയായ ഓട്ടോ പൈലറ്റ് സംവിധാനം സജ്ജമാക്കുന്ന ടീമിനെ നയിക്കാനൊരുങ്ങുന്നത് അശോക് എലുസ്വാമി എന്ന ഇന്ത്യക്കാരനാണ്.

ടെസ്‌ല ഓട്ടോപൈലറ്റ് എൻജിനിയിറിംഗ് ടീമിന്റെ ഡയറക്ടർ കൂടിയാണ് അശോക്. റോഡും സിഗ്‌നലുകളും തിരിച്ചറിഞ്ഞ് ഡ്രൈവറില്ലാതെ കാർ സ്വയം ഓടുന്ന സംവിധാനമാണ് ഓട്ടോപൈലറ്റ്.

2015ൽ ആണ് ടെസ്‌ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എഐ ) അധിഷ്‌ഠിത ഓട്ടോപൈലറ്റ് സോഫ്ട്‌വെയർ ടീം രൂപീകരിക്കുകയാണെന്നും എൻജിനിയർമാരെ ആവശ്യമാണെന്നും കാട്ടി ടെസ്‌ലയുടെ സി ഇ ഒ ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്‌തത്.

'ടെസ്‌ല ഒരു ഓട്ടോപൈലറ്റ് ടീം തുടങ്ങുന്നു എന്ന എന്റെ ട്വീറ്റിൽ നിന്ന് ആദ്യമായി റിക്രൂട്ട് ചെയ്യപ്പെട്ട വ്യക്തി അശോകാണ് 'കഴിഞ്ഞദിവസം മസ്‌ക് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.

ടെസ്‌ലയിൽ ചേരുന്നതിന് മുമ്പ് ഫോക്‌സ്‌വാഗൺ ഇലക്‌ട്രോണിക് റിസർച്ച് ലാബിലും വാബ്‌കോ (വെസ്റ്റിംഗ് ഹൗസ് എയർ ബ്രേക്കിംഗ്) വെഹിക്കിൾ കൺട്രോൾ സിസ്റ്റം എന്നിവിടങ്ങളിലായിരുന്നു അശോകിന് ജോലി. ചെന്നൈയിലെ എൻജിനീയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദവും റോബോട്ടിക്‌സ് സിസ്റ്റം ഡെവലപ്‌മെന്റിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടിയിട്ടുണ്ട്.