
പത്തനംതിട്ട: ശബരിമലയിൽ (sabarimala) 18000 നാളികേരത്തിന്റെ നെയ്യഭിഷേകം (neyyabhisekam) അഞ്ചിന് പുലർച്ചെ നാലിന് നട തുറന്ന ശേഷം നടക്കും. ശബരിമലയുടെ ചരിത്രത്തിലാദ്യമാണ് ഒരു ഭക്തൻ ഇത്രയും നാളികേരത്തിന്റെ നെയ്യഭിഷേക വഴിപാട് നടത്തുന്നതെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു.
ബാംഗ്ളൂർ സ്വദേശിയായ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തനാണ് വഴിപാട് നടത്തുന്നത്. അഭിഷേകത്തിനുള്ള നാളികേരവും നെയ്യും പമ്പയിലെത്തിച്ചു. ദേവസ്വം ബോർഡ് (devaswom board) പ്രസിഡന്റ് കെ.അനന്തഗോപന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. പമ്പയിൽ നെയ് നിറച്ച നാളികേരം ഇന്നലെ മുതൽ സന്നിധാനത്തേക്ക് ട്രാക്ടറിൽ എത്തിച്ചു കൊണ്ടിരിക്കുകയാണ്. വഴിപാട് നിരക്കായ 18 ലക്ഷം രൂപ ഭക്തൻ ഡി.ഡിയായി ദേവസ്വം ബോർഡിന് അടച്ചു.
വർഷങ്ങളായി ദർശനം നടത്തുന്ന ഭക്തൻ, അയ്യപ്പാനുഗ്രഹത്താൽ (lord ayyappa) ആഗ്രഹിച്ച കാര്യം സാധിച്ചതിനുള്ള വഴിപാടെന്നാണ് അറിയിച്ചിട്ടുള്ളത്. പതിനെട്ട് പടികളെയും മലകളെയും സങ്കൽപ്പിച്ചാണ് 18000 നാളികേരത്തിന്റെ നെയ്യഭിഷേകം. നെയ്യഭിഷേക ദിവസം ഇദ്ദേഹം ദർശനത്തിനെത്തുമോ എന്നറിയിച്ചിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ പറഞ്ഞു.
രണ്ടു ദിവസത്തെ വരുമാനം 4.75കോടി
മകര വിളക്ക് തീർത്ഥാടനത്തിന് നട തുറന്ന ആദ്യ രണ്ടു ദിവസത്തെ ശബരിമലയിലെ വരുമാനം 4.75 കോടി. കാണിക്ക രണ്ട് കോടി, അരവണ രണ്ട് കോടി, അപ്പം 20.75ലക്ഷം.