
കൊച്ചി: എറണാകുളം കടവന്ത്രയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പൂക്കച്ചവടക്കാരൻ കുടുംബസമേതം കൂട്ടആത്മഹത്യയ്ക്ക് തയ്യാറെടുത്തിരുന്നതായി മൊഴി. പലകാരണങ്ങളാൽ ഇതു നടന്നില്ലെന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ കഴയുന്ന നാരായണ (41) പൊലീസുകാരോട് വെളിപ്പെടുത്തി. കൈകാലുകളിലെ ഞരമ്പും കഴുത്തും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. പ്രണയിച്ച് വിവാഹിതനായ നാരായണ പുതുവത്സരദിനത്തിലാണ് മലയാളിയായ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
ഭാര്യ ജോയമോൾ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരുടെ സംസ്കാരം ഇന്നലെ മൂന്നിന് പെരുമ്പളത്തെ ജോയയുടെ കപ്പക്കടവ് തറവാട്ടുവളപ്പിൽ നടത്തി. മൂവരുടെയും മരണം കഴുത്തുമുറുകി ശ്വാസം മുട്ടിയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കടവന്ത്രയിലും പാലായിലുമൊക്കെയായി പൂക്കളുടെ മൊത്തക്കച്ചവടം നടത്തിയിരുന്ന നാരായണ നല്ലനിലയിലാണ് കഴിഞ്ഞിരുന്നത്. കൊവിഡിനെ തുടർന്ന് കച്ചവടം മോശമായി കടക്കെണിയിലായപ്പോൾ ഭാര്യയുടെ സമ്മതത്തോടെയാണ് കൂട്ട ആത്മഹത്യയ്ക്ക് തയ്യാറെടുത്തത്. നാരായണയുടെ ആരോഗ്യനില മോശമായതിനാൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
20 ഉറക്കഗുളിക
ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ നാരായണ 20 ഉറക്കഗുളികയാണ് കടവന്ത്രയിൽ നിന്ന് വാങ്ങിയത്. ആറെണ്ണം ഭാര്യയ്ക്ക് നൽകി. മൂന്നെണ്ണം വീതം കുട്ടികൾക്കും കൊടുത്തു മയക്കിയാണ് ഇവരെ കൊലപ്പെടുത്തിയത്. ശേഷം എട്ട് ഗുളിക കഴിച്ച് സ്വയം കൈകാലുകളിലെ ഞരമ്പും കഴുത്തും മുറിക്കുകയായിരുന്നു. ഉറക്കഗുളിക കഴിച്ചതിന്റെ ക്ഷീണം വിട്ടുമാറിയിട്ടില്ല. പല മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് ഗുളിക വാങ്ങിയത്.
''നാരായണയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും ഇപ്പോൾ അറസ്റ്റിലേക്ക് നീങ്ങുന്നില്ല. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്''
വൈ. നിസാമുദ്ദീൻ
അസി. പൊലീസ് കമ്മിഷണർ
എറണാകുളം