
അഹമ്മദാബാദ്: ഓൺലൈൻ വഴി ഇലക്ട്രിക് ബൈക്ക് വാങ്ങാൻ ശ്രമിച്ച യുവാവ് ഇരയായത് വൻ തട്ടിപ്പിന്. 98,999 രൂപ നഷ്ടമായതിനൊപ്പം ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരങ്ങളും തട്ടിപ്പുകാർ കൈക്കലാക്കി. ഗുജറാത്തതിലെ അഹമ്മദാബാദ് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്.
കമ്പനിയുടെ വെബ് സൈറ്റിലാണ് ഇ-ബൈക്കിനുവേണ്ടി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയതെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. റിവോൾട്ട് RV-400 എന്ന ബൈക്ക് വാങ്ങാനായിരുന്നു യുവാവിന്റെ ശ്രമം. രജിസ്റ്റർ ചെയ്ത ഉടൻ കമ്പനിയുടെ ജീവനക്കാരനെന്നുപറഞ്ഞ് ഒരാൾ ബന്ധപ്പെട്ടു. സ്പെഷ്യൽ ഓഫറുകൾ ഉൾപ്പടെ ഒന്നരലക്ഷം രൂപയ്ക്ക് ഒരാഴ്ചയ്ക്കുള്ളിൽ ബൈക്ക് വീട്ടിലെത്തിച്ചുതരുമെന്ന് അയാൾ ഉറപ്പുകൊടുത്തു. ആവശ്യമെങ്കിൽ ലോൺ ശരിയാക്കാൻ സഹായിക്കാമെന്നും വാഗ്ദ്ധാനം ചെയ്തു. എല്ളാം സമ്മതമാണെങ്കിൽ വെബ്‌സൈറ്റിൽ വ്യക്തിവിവരങ്ങൾ ഉൾപ്പടെ നൽകാനും ആവശ്യപ്പെട്ടു. അവ നൽകിയതോടെ രജിസ്ട്രേഷൻ ഫീസായി 7,999 രൂപ ആവശ്യപ്പെട്ടു.പ്രശ്നമൊന്നും താേന്നാത്തതിനാൽ പണം നൽകി.
അല്പം കഴിഞ്ഞപ്പോൾ രജിസ്ട്രേഷൻ പൂർത്തിയായെന്ന് വിളച്ചറിയിച്ചു. സൈറ്റ് നോക്കിയപ്പോൾ അത് ശരിയാണെന്ന് വ്യക്തമാവുകയും ചെയ്തു. അതോടെ 'കമ്പനി പ്രതിനിധിയെ' യുവാവിനെ പൂർണ വിശ്വാസമായി. തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ പണംവേണമെന്നും അത് അക്കൗണ്ടിലേക്ക് ഇടണമെന്നും ആവശ്യപ്പെട്ടു. ഇതോടെ കുറച്ചുപണം കൂടി യുവാവ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. അതോടെ മൊത്തം 98,999 നൽകി.
പണം നൽകിയശേഷം കമ്പനി പ്രതിനിധിയെപ്പറ്റി ഒരു വിവരവും ലഭിക്കാതെ വന്നതോടെ അയാളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. പലവട്ടം ശ്രമിച്ചിട്ടും ഇതുതന്നെയായിരുന്നു അവസ്ഥ. അതോടെ ബൈക്ക് കമ്പനിയുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു. അപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായെന്ന് യുവാവിന് വ്യക്തമായത്. കമ്പനി ഓൺലൈൻ രജിസ്ട്രേഷനുകളൊന്നും എടുക്കുന്നില്ലെന്നാണ് കസ്റ്റമർ കെയർ ഓഫീസിൽ നിന്ന് അറിയിച്ചത്. തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവാവ് രജിസ്റ്റർ ചെയ്തത് വ്യാജ സൈറ്റായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.