jincy-deepu

കൊല്ലം: കടയ്ക്കലിൽ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയുടെ ഫോൺ ഉപയോഗത്തിലുള്ള സംശയമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് മൊഴി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൃത്യം നടത്തിയത്. ഇയാൾ ഇതിനുമുൻപും യുവതിയെ ഉപദ്രവിച്ചിരുന്നുവെന്നും, പരാതിപ്പെട്ടപ്പോൾ പൊലീസ് ഒത്തുതീർപ്പാക്കിവിട്ടതാണെന്നും ബന്ധുക്കൾ പറയുന്നു.

കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലതാമന്ദിരത്തിൽ ജിൻസിയാണ് (27) കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ രക്ഷപ്പെട്ട ഭർത്താവ് ദീപു കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയിരുന്നു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഒരുമാസമായി ഇരുവരും സ്വന്തം വീടുകളിൽ കഴിയുകയായിരുന്നു.

സംഭവദിവസം വൈകിട്ടോടെ വീടിന് മുന്നിലെത്തിയ ദീപു, ജിൻസിയെ വിളിച്ചിറക്കി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാനെത്തിയ ഏഴുവയസുകാരനായ മകനെ എടുത്തെറിയുകയും ചെയ്തു. വീടിന് കുറച്ചകലെയുള്ള കടയിലെത്തി കുട്ടി വിവരം അറിയിച്ചതോടെ നാട്ടുകാർ ഓടിയെത്തി യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുവതിക്ക് തലയിലുൾപ്പടെ 25 ഓളം വെട്ടുകളേറ്റിരുന്നു. പാരിപ്പള്ളിയിലെ സ്വകാര്യ കശുഅണ്ടി ഫാക്ടറിയിലെ സൂപ്പർവൈസറായിരുന്നു ജിൻസി. ദമ്പതികൾക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. ഇവരിൽ ഒരാൾ ദീപുവിനും മറ്റൊരാൾ ജിൻസിക്കൊപ്പവുമാണ് കഴിഞ്ഞിരുന്നത്.