jati-nayak

ഭുവനേശ്വർ: അന്ത്യകർമങ്ങൾ നിർവഹിക്കാൻ രണ്ട് സഹോദരങ്ങളും എത്താതിരുന്നതോടെ അമ്മയുടെ മൃതദേഹം തോളിൽ ചുമന്ന് നാല് പെൺമക്കൾ. നാല് കിലോമീറ്റർ അപ്പുറമുള്ള ശ്മശാനത്തിലേയ്ക്ക് മൃതദേഹം ചുമന്ന് കൊണ്ടുപോവുകയായിരുന്നു. ഒഡീഷയിലെ പുരിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

എൺപതിനും തൊണ്ണൂറിനും ഇടയിൽ പ്രായമുള്ള ജാതി നായക് എന്ന സ്ത്രീയാണ് മരിച്ചത്. ജാതിക്ക് രണ്ട് ആൺമക്കളും നാല് പെൺമക്കളുമാണ് ഉള്ളത്. ആൺമക്കൾ രണ്ട് പേരും അന്ത്യകർമം നിർവഹിക്കാൻ എത്തിയില്ലെന്ന് അയൽക്കാർ പറഞ്ഞു. ഇതോടെയാണ് ആചാരങ്ങൾ ലംഘിച്ച് അമ്മയുടെ മരണാനന്തര ചടങ്ങുകൾ നിർവഹിക്കാൻ പെൺമക്കൾ തീരുമാനിച്ചത്.

അമ്മയുടെ മൃതദേഹം വീടിന് പുറത്തേയ്ക്ക് എത്തിച്ച് അയൽക്കാരുടെ സഹായത്തോടെ ശവമഞ്ചം തയ്യാറാക്കി നാല് കിലോമീറ്റർ തോളിൽ ചുമന്നാണ് ഇവർ ശ്മശാനത്തിൽ എത്തിയത്. സാധാരണയായി ആൺമക്കൾ നിർവഹിക്കുന്ന ചടങ്ങുകളും ഇവർ തന്നെയാണ് അനുഷ്ഠിച്ചത്.