
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പൊതുജനങ്ങൾക്ക് മാത്രമല്ല വി വി ഐ പി കൾക്കുപോലും സമാധാനമായി റോഡിലിറങ്ങി നടക്കാനാവാത്ത അവസ്ഥയാണിപ്പോൾ. കഴിഞ്ഞദിവസം ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുൻ ഭാര്യ റെഹം ഖാന്റെ വാഹനത്തിനുനേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. തലങ്ങും വിലങ്ങും വെടിവച്ചെങ്കിലും റെഹം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തുവരുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് റെഹം പറയുന്നത്. ബൈക്കിലെത്തിയ അജ്ഞാതർ തന്നെ തോക്കിൻ മുനയിൽ നിറുത്തിയെന്നും അവർ ട്വീറ്റുചെയ്തു. ട്വീറ്റിൽ പ്രധാനമന്ത്രി ഇമ്രാൻഖാനെ അവർ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതാണോ ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്ഥാൻ. ഭീരുക്കളുടെയും തെമ്മാടികളുടെയും അത്യാഗ്രഹികളുടെയും നാട്ടിലേക്ക് സ്വാഗതം എന്നും അവർ ട്വിറ്ററിൽ കുറിച്ചു. താൻ മരണത്തെയും പരിക്കിനെയും ഭയക്കുന്നില്ലെങ്കിലും ഒപ്പമുള്ളവരുടെ ജീവനെക്കുറിച്ച് ഭയമുണ്ടെന്നും റെഹം സൂചിപ്പിച്ചു.
വിവാഹ മോചനത്തിനുശേഷം ഇമ്രാന്റെ കടുത്ത വിമർശകയാണ് റെഹം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിക്കെതിരെ പലതവണ പരസ്യമായി രംഗത്തെത്തിയിരുന്നു. അപ്പോഴൊക്കെ റെഹത്തിനുനേരെ ഭീഷണിയും ഉയർന്നിരുന്നു. ബ്രിട്ടീഷ്-പാകിസ്ഥാനി വംശജയും പത്രപ്രവര്‍ത്തകയും മുന്‍ ടിവി അവതാരകയുമായ റെഹം ഖാന്‍ 2014ലാണ് ഇമ്രാന്‍ ഖാനെ വിവാഹം കഴിക്കുന്നത്. കഷ്ടിച്ച് ഒരുവർഷം മാത്രമാണ് ഇവരുടെ ബന്ധം നീണ്ടുപോയത്. 2015 ഒക്ടോബറില്‍ വിവാഹമോചിതരായി.