
ലണ്ടൻ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെങ്ങും അതിവേഗം വ്യാപിക്കുകയാണ്. അണുബാധ നിരക്ക് വളരെ കൂടുതലാണെങ്കിലും ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദമായാണ് കരുതപ്പെടുന്നത്. കൊവിഡിന്റെ ലക്ഷണങ്ങൾ തന്നെയാണ് ഇവയ്ക്കുമുള്ളതെന്നാണ് വിദഗ്ദ്ധർ വ്യക്തമാക്കിയത്. എന്നാൽ പുതിയ രണ്ട് രോഗ ലക്ഷണങ്ങൾ കൂടി ആരോഗ്യ വിദഗ്ദ്ധർ വെളിപ്പെടുത്തുകയാണ്.
പനി, തൊണ്ടവേദന, ചുമ, തലവേദന പോലുള്ള ലക്ഷണങ്ങൾക്ക് പുറമെ ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും ഒമിക്രോണിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. സോ കൊവിഡ് ആപ്പ്ളിക്കേഷൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. യു കെ നാഷണൽ ഹെൽത്ത് സർവീസസ് പ്രകാരം ഉയർന്ന ശരീര താപനില, തുടർച്ചയായുള്ള ചുമ, മണം, രുചി എന്നിവ നഷ്ടപ്പെടുക എന്നിവയാണ് കൊവിഡിന്റെ ലക്ഷണങ്ങൾ.
ഒമിക്രോൺ ബാധിച്ചവരിൽ ഓക്കാനം, നേരിയ ചൂട്, തൊണ്ടവേദന, തലവേദന എന്നീ ലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു. യു എസിലെ ആദ്യ നാൽപ്പത്തിമൂന്ന് കേസുകളിൽ നടത്തിയ പഠനത്തിൽ ചുമ, തളർച്ച, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങളായി കണ്ടെത്തിയത്. ചില കേസുകളിൽ ഛർദിയും ഉണ്ടാകാറുണ്ട്.
ഡെൽറ്റ വകഭേദത്തെക്കാൾ തീവ്രത കുറഞ്ഞതാണ് ഒമിക്രോണെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഒമിക്രോൺ ബാധിതരിൽ ആശുപത്രി ചികിത്സ ആവശ്യമായി വരാനുള്ള സാധ്യത 15 മുതൽ 20 ശതമാനം വരെ കുറവാണെന്ന് ലണ്ടൻ ഇംപീരിയൽ കോളേജ് നടത്തിയ പഠനവും സ്കോട്ടിഷ് പഠനവും വ്യക്തമാക്കുന്നു.