madhuri

മലയാളികളുടെ പ്രിയ ഗായികമാരുടെ കണക്കെടുത്താൽ മുന്നിൽ നിൽക്കുക എസ് ജാനകിയും പി സുശീലയും വാണി ജയറാമുമൊക്കെയാകും. അവരിൽ നിന്നെല്ലാം വ്യത്യസ്‌തമായ സ്വരമാധുരിയുണ്ടായിട്ടും ഗായിക മാധുരിയ്‌ക്ക് പലപ്പോഴും ആ പട്ടികയിൽ പിന്നിലായിരുന്നു സ്ഥാനം.

എന്നാൽ, തന്റെ പ്രിയഗായിക മാധുരിയാണെന്നും അവരുടെ ആലാപന രീതി തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. അവർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ.

'ഒരു വർഷം മുൻപ് ഗായിക മാധുരിയുടെ പിറന്നാൾ ദിവസം എഴുതി പോസ്റ്റ് ചെയ്‌തത്. അവരെ അത്ര ഇഷ്‌ട‌മായതു കൊണ്ട് വീണ്ടും ഓർമ്മിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. സുഹൃത്തായ മാദ്ധ്യമ പ്രവർത്തകനുമായി ഒരിക്കൽ എനിക്ക് തർക്കിക്കേണ്ടി വന്നു. അത് ഗായിക മാധുരിയെക്കുറിച്ചാണ് . 70 വയസിനോടടുത്ത കാലത്താണ് അനാരോഗ്യം ഏറെയുള്ള മാധുരിയെ അദ്ദേഹം അഭിമുഖം നടത്തുന്നത്. മാധുരിയോട് ചോദിക്കുന്ന ചോദ്യങ്ങളത്രയും ദേവരാജനെക്കുറിച്ച്. 'എന്റെ ഗുരുവാണ്, വഴി കാട്ടിയാണ്, എന്റെ എല്ലാമാണ് ' എന്നൊന്നും പറഞ്ഞിട്ടും തൃപ്‌തിവരാതെ ആ വൃദ്ധഗായികയോട് എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള ബന്ധമെന്നു മാത്രം തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടിരുന്നു.

ആ ഗായിക പഴയ കാലത്തെ സ്ത്രീയായതു കൊണ്ടോ മര്യാദ ഭാവിച്ചോ ഭയന്നോ ഉത്തരം പിന്നെയും പിന്നെയും ആവർത്തിച്ചു ' അദ്ദേഹം എന്റെ ഗുരുവാണ്, വഴി കാട്ടിയാണ്, എന്റെ എല്ലാമാണ് ' . നടി ശോഭനയോടെങ്ങാനുമായിരിക്കണം ഈ ചോദ്യം ചോദിക്കേണ്ടിയിരുന്നത് എന്ന് പിന്നീട് ശോഭനയുടെ ചില ഉത്തരങ്ങൾ കേട്ടപ്പോൾ തോന്നിയിട്ടുണ്ട്. മാധുരിയുടെ ശബ്‌ദവും ആലാപന ശൈലിയും വ്യത്യസ്‌തമാണ്. എസ്. ജാനകിയും പി.സുശീലയും വാണി ജയറാമും അല്ല മാധുരി. മറ്റു മൂന്നു പേരെയും തമ്മിൽ നമുക്ക് പല കാര്യങ്ങളിലും താരതമ്യം ചെയ്യാം.

മാധുരി വേറൊരു സ്ത്രീയാണ്. വേറൊരു ശബ്‌ദമാണ്. പാട്ടാസ്വാദകരോട് ആരെയാണിഷ്ടം എന്നു ചോദിക്കുമ്പോഴൊക്കെ പല അഭിമുഖക്കാരും മാധുരിയെ ഒഴിച്ചു നിർത്തി. ചോദിച്ചാൽ തന്നെ, മാധുരിയെ കുറച്ചു കാണിച്ച് കുലപുരുഷത്വം നടിച്ചത് എനിക്ക് വേദനയുണ്ടാക്കി. അവരത്ര മോശം ഗായികയല്ല. അവരെ കണ്ടില്ലെന്നു നടിച്ചു പോകാനുമാവില്ല. കൂടെ പാടിയ ഗായകർ പലരും മാധുരിയെ അവസാന ഇഷ്‌ടക്കാരിയാക്കി.

വ്യക്തിപരമായി, ആസ്വാദനപരമായി എല്ലാവർക്കും കാരണം പലതുണ്ടായിരിക്കാം. അതംഗീകരിക്കുന്നു. അതേ കാരണങ്ങൾ കൊണ്ട് തന്നെ മാധുരിയെ ഞാൻ വല്ലാതെ ഇഷ്‌ടപ്പെട്ടു. പതിവ് പെണ്ണാലാപന ശൈലിയിൽ നിന്നു വ്യത്യസ്‌തമായ ശൈലിയാണ് മാധുരിക്ക്. ആ ശബ്‌ദം കൂടെപ്പാടുന്ന ആണിന്റെ ശബ്‌ദ‌ത്തെ അതിവർത്തിച്ചു നിന്നു . യേശുദാസും ജയചന്ദ്രനും മാധുരിയുടെ പ്രണയ തീവ്ര ശബ്‌ദത്തിന് താഴെയേ നിൽക്കൂ.

അതിന് അടക്കമില്ലാത്ത പെണ്ണിന്റെ ത്രസിപ്പുണ്ട്. അതങ്ങനെ തെറിച്ചു തെറിച്ചു നിൽക്കുന്നതു കൊണ്ട് പ്രണയത്തിൽ ശാസ്ത്രീയ ചിട്ടകളേക്കാൾ രതി സ്‌പർശമേറി നിന്നു . അടങ്ങാത്ത തൃഷ്‌ണകളെ പാട്ടിൽ കേൾക്കാനാഗ്രഹിക്കുമ്പോൾ ഞാൻ മാധുരിയുടെ ഗാനങ്ങൾ കേട്ടുകൊണ്ടേയിരുന്നു. ദേവരാജനെ ആ ശബ്‌ദം പ്രലോഭിപ്പിച്ചതിൽ എനിക്കതിശയമില്ല.. മികച്ച ഈണങ്ങൾ അദ്ദേഹം മാധുരിക്കു നൽകി. സത്കലാദേവിക്കു സ്വയം സമർപ്പിച്ചവർക്കൊന്നും അതത്ര എളുപ്പം കഴിയില്ല എന്ന് പറയേണ്ടതില്ലല്ലോ. അപഭ്രംശങ്ങളിലുള്ള സൗന്ദര്യം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട് എന്നും .

എന്റെ കലാദേവത കാലിന്മേൽ കാൽ കയറ്റിയിരിക്കുന്നവളും ആടിപ്പാടി അലഞ്ഞുതിരിഞ്ഞു നടക്കുന്നവളും കൂടിയാണ്. ഷീലക്ക് പി.സുശീലയുടെയും ശാരദ മുതൽ ആ ജനുസിൽ പെട്ട വിധേയകളും അച്ചടക്കപ്പെട്ടവരുമായ സറിനാ വഹാബ്, പൂർണിമ ജയറാം, അംബിക, ശാന്തി കൃഷ്‌ണ തുടങ്ങിയ പിൽക്കാല ദുഃഖനായികമാർക്ക് എസ്.ജാനകിയും ശബ്ദം നൽകിയപ്പോൾ എത്ര അനുഗുണമെന്ന് നമ്മുടെ ശീലങ്ങൾ തലയാട്ടിയാസ്വദിച്ചുവോ അത്രക്ക് ഞാനാസ്വദിച്ചു ജയഭാരതിയുടെയും കെ.പി എ സി ലളിതയുടെയും തുള്ളിച്ചാട്ടങ്ങൾക്ക് മാധുരിയുടെ ആലാപനത്തിലെ തുറസും ചടുലതയും. എത്ര ഗാനങ്ങൾ !!

ജലജക്കു വേണ്ടി മാധുരി ഹിമശൈല സൈകതഭൂമി പാടുമ്പോൾ ജലജയുടെ മുഖത്ത് ഞാൻ രഹസ്യമായി മറ്റൊരു നിഗൂഢ സൗന്ദര്യം കണ്ടുപിടിച്ചു. 'എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്‌നമായി ' എന്നൊക്കെ പാടുമ്പോൾ ഞാനാ മുഖത്തെ പതിവുവിട്ട ഭാവവ്യതിയാനം എന്നിൽ അനുഭവിച്ചറിഞ്ഞ് ആസ്വദിച്ചു. അടക്കമുള്ള പെണ്ണുങ്ങൾ ഒളിപ്പിച്ചു വെക്കുന്നതെല്ലാം മാധുരിയുടെ ശബ്‌ദം പുറത്തു കൊണ്ടുവരും അത് ശ്രുതിഭംഗമുള്ളതായി തോന്നുന്നവരുണ്ടാകാം.

പക്ഷേ അതിലൊരു സത്യസന്ധതയുടെ ഇടിവാൾത്തിളക്കമുണ്ട്. മാധുരിയുടെ പാട്ടുകൾ മതിമറന്ന് പാടി നടന്നാണ് എന്റെ വോക്കൽ കോർഡ് നല്ല കാലത്തു തന്നെ ക്ഷതപ്പെട്ടു പോയത്. അങ്ങനെ പാടി നടക്കാൻ എനിക്ക് ധൈര്യം തന്നത് മാധുരിയുടെ ആലാപന രീതിയിൽ പണ്ഡിതർ കണ്ടെത്തുന്ന കുറവുകൾ തന്നെയാണ്.

അത് എന്നെപ്പോലൊരു അടക്കമില്ലാത്ത പ്രണയിനിയുടെ ആത്മാലാപനമാണ്. അതിന് വഴി തെറ്റും അതിന്റെ ശ്രുതി തെറ്റും. നിങ്ങൾ സങ്കൽപിക്കുന്ന വഴിയേ അത് സഞ്ചരിക്കില്ല.കാരണം എന്നെപ്പോലെ സ്വൈരിണിയായ ഒരുവൾക്ക് മാത്രം മനസിലാകുന്ന ശബ്‌ദമാണത്."