
ലക്നൗ:ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന പാർട്ടികളെല്ലാം പ്രചാരണ രംഗത്ത് അരയും തലയും മുറുക്കി രംഗത്തുണ്ട്. കോൺഗ്രസിന്റെയും ബി ജെ പിയുടെയുമൊക്കെ തലമുതിർന്ന നേതാക്കൾ സംസ്ഥാനത്ത് ക്യാമ്പുചെയ്തുതന്നെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. എന്നാൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളിലൊന്നായ ബഹുജൻ സമാജ് പാർട്ടിയുടെ (ബി എസ് പി) നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതിയെ പ്രചാരണ രംഗത്തെങ്ങും കാണാനില്ല. മാത്രമല്ല ബി എസ് പി ഇതുവരെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിട്ടുമില്ല. ഇതിൽ പ്രവർത്തകർ കടുത്ത അമർഷത്തിലാണ്. കഴിഞ്ഞമാസം 30 ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ മൊറാദാബാദിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് മായാവതിയുടെ അസാന്നിദ്ധ്യത്തെക്കുറിച്ച് ആദ്യം പരാമർശിച്ചത്. 'സഹോദരി, തിരഞ്ഞെടുപ്പ് വന്നിരിക്കുന്നു, ദയവായി പുറത്തുവരൂ. നിങ്ങൾ പ്രചാരണം നടത്തിയില്ലെന്ന് പിന്നീട് പറയരുത് എന്നായിരുന്നു അമിത്ഷായുടെ പരിഹാസം. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മായാവതിയുടെ അസാന്നിദ്ധ്യത്തെ ചോദ്യം ചെയ്തിരുന്നു. വിഷയം വലിയ ചർച്ചയായിട്ടും ഇതിനെക്കുറിച്ച് ഒരക്ഷരം പ്രതികരിക്കാൻ മായാവതി തയ്യാറിട്ടില്ല. ഒക്ടോബറിൽ പാർട്ടി സ്ഥാപകൻ കാൻഷിറാമിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ലക്നൗവിലെ പൊതുപരിപാടിയിലാണ് മായാവതി അവസാനമായി പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ പോലും ഇപ്പോൾ അത്ര സജീവമല്ല.

മുക്കിയത് ബി ജെ പി
മായാവതിയുടെ അസാന്നിദ്ധ്യം പലവിധ രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ദളിത് വോട്ടുകൾ ലക്ഷ്യംവച്ച് ബി ജെ പിയാണ് മായാവതിയെ രംഗത്തിറക്കാത്തതെന്നാണ് ചില കേന്ദ്രങ്ങൾ ആരോപിക്കുന്നത്. അനധികൃത സ്വത്തുസമ്പാദന കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് ബി ജെ പിയുമായി മായാവതി രഹസ്യ ബന്ധം ഉണ്ടാക്കിയെന്നും അതിന് തെളിവാണ് പിന്മാറ്റം എന്നും ആരോപണമുണ്ട്. പല വിഷയങ്ങളിലും കേന്ദ്രത്തിന് അനുകൂലമായി ബി എസ് പി നേതാക്കൾ പ്രതികരിക്കുന്നതും ഇതിന് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതിനെ ബി ജെ പി തള്ളിക്കളയുന്നുണ്ട്. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ബി എസ് പി നടത്തിയ പ്രകടനം തന്നെ അവർ ഇതിനായി ചൂണ്ടിക്കാണിക്കുന്നു. 2007ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 403ൽ 206 സീറ്റുകൾ നേടിയാണ് മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി അധികാരത്തിലെത്തിയത്. അഞ്ച് വർഷത്തിന് ശേഷം അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി 224 സീറ്റുകൾ നേടി അവരെ പരാജയപ്പെടുത്തി. ബിഎസ്പിയുടെ സീറ്റുകളുടെ എണ്ണം 80 ആയി കുറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയപ്പോൾ ബിഎസ്പി 19 സീറ്റുകളായി ചുരുങ്ങുകയായിരുന്നു. മായാവതിയുടെ അടുത്ത അനുയായിയും രാജ്യസഭാ എംപിയുമായ സതീഷ് ചന്ദ്ര മിശ്രയും അഭ്യൂഹങ്ങൾ തളളിക്കളയുന്നുണ്ട്. മായാവതി ദിവസത്തിൽ 18 മണിക്കൂർ ജോലി ചെയ്യുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ നിരീക്ഷിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നുമാണ് അദ്ദേഹം പറയുന്നത്.
നേരിടുന്നത് കടുത്ത പ്രതിസന്ധി
സംസ്ഥാനത്ത് ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ബി എസ് പി ഇപ്പോൾ കടന്നുപോകുന്നത്. പാർട്ടിയുടെ ഒട്ടുമിക്ക നിയമസഭാംഗങ്ങളും പാർട്ടിയിൽ നിന്ന് പുറത്തുപോകുകയോ സസ്‌പെൻഡ് ചെയ്യപ്പെടുകയോ മറ്റ് പാർട്ടികളിൽ ചേക്കേറുകയോ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പല പ്രശ്നങ്ങളിലും മായാവതി നിഷ്‌ക്രിയ നിലപാട് സ്വീകരിച്ചത് പ്രവർത്തകരുടെ വൻതോതിലുളള കൊഴിഞ്ഞുപോക്കിന് ഇടയാക്കിയിട്ടുണ്ട്. 2020 ഒക്ടോബറിൽ, ഹത്രസിൽ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം പാലിച്ച മായാവതിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രവർത്തകർ മായാവതിയുടെ കോലം കത്തിച്ചിരുന്നു.'ദലിത് കി ബേട്ടി' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മായാവതി ഇരയുടെ കുടുംബത്തെ സന്ദർശിക്കാൻ പോലും തയ്യാറായില്ലെന്നുമാണ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇതിനാെപ്പം മറ്റ് നിരവധി ഉദാഹരണങ്ങളും അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ പാർട്ടിയുടെ സാമ്പത്തികം ഉൾപ്പടെയുള്ള പ്രശ്നങ്ങളെത്തുടർന്നാണ് പ്രചാരണ രംഗത്ത് സജീവമല്ലാത്തതെന്നാണ് മായാവതി നൽകുന്ന സൂചന. 'മറ്റ് പാർട്ടികളെപ്പോലെ, ഞങ്ങളുടെ പാർട്ടി മുതലാളിമാരുടെ പാർട്ടിയല്ല.ഫണ്ടിന്റെ ദൗർലഭ്യം തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ ദോഷകരമായി ബാധിക്കും' മായാവതി പറഞ്ഞു. ഇതിനിടെ പൊടി അലർജി ആയതുകൊണ്ടാണ് പൊതുപരിപാടികൾ മായാവതി ഒഴിവാക്കിയതെന്നും കേൾക്കുന്നുണ്ട്.
കാര്യങ്ങൾ എന്തായാലും ബി എസ് പിയുടെ അസാന്നിദ്ധ്യം പരമാവധി മുതലാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും ബി ജെ പിയും ഉൾപ്പടെയുള്ള കക്ഷികൾ. ബിഎസ് പിയുടെ അടിത്തറയായി കണക്കാക്കുന്ന 22 ശതമാനം ദളിത് വോട്ടുകളെ ആകർഷിക്കാൻ അവർ ആവതും ശ്രമിച്ചുവരികയാണ്. .