sathya-pal-malik

ചണ്ഡിഗഡ്: കർഷകസമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയ്ക്കിടെ വാക്കുതർക്കമുണ്ടായെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മോദി അഹങ്കാരിയാണെന്നും സത്യപാൽ മാലിക് ആരോപിച്ചു.

തുടങ്ങി അഞ്ച് മിനിട്ടിനുള്ളിൽ തന്നെ ചർച്ച വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. അദ്ദേഹം വലിയ ധിക്കാരിയാണ്. നമ്മുടെ അഞ്ച് കർഷകർ സമരത്തിനിടെ മരണപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ എനിക്ക് വേണ്ടിയാണോ മരിച്ചതെന്ന് മോദി ചോദിച്ചു. അതെയെന്നും കാരണം താങ്കളാണല്ലോ രാജാവെന്നും താൻ മറുപടി നൽകി. വഴക്ക് തുടർന്നപ്പോൾ തന്നോട് അമിത് ഷായെ കാണാൻ അദ്ദേഹം ആവശ്യപ്പെട്ടു.

കുറഞ്ഞ താങ്ങുവില നിയമാനുസൃതമാക്കണമെന്നും കാർഷിക നിയമങ്ങൾ പിൻവലിച്ചത് വലിയൊരു അവസരമായി കർഷകർ കാണണമെന്നും മാലിക് പറഞ്ഞു. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കാനും കുറഞ്ഞ താങ്ങുവില സംബന്ധിച്ച് നിയമപരമായ ചട്ടക്കൂട് നൽകാനും സർക്കാർ സത്യസന്ധമായി പ്രവർത്തിക്കണം. ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കർഷക സമരം അവസാനിച്ചതായി സർക്കാർ കരുതുകയാണെങ്കിൽ അത് തെറ്റാണെന്നും തത്ക്കാലത്തേയ്ക്ക് നിർത്തിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മാലിക് പറഞ്ഞു. അനീതിയോ കർഷകരോട് എന്തെങ്കിലും അതിക്രമമോ ഉണ്ടായാൽ പ്രക്ഷോഭം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.