police

കണ്ണൂർ: ട്രെയിനിൽ പൊലീസ് യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ ടി ടി ഇ പി എം കുഞ്ഞഹമ്മദിനോട് റെയിൽവേ വിശദീകരണം തേടി. മദ്യപിച്ച് ഒരാൾ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാർ പരാതി നൽകിയിരുന്നുവെന്നും, യാത്രക്കാർ ആവശ്യപ്പെട്ടിട്ടും ഇയാൾ മാറി നിന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

യാത്രക്കാരൻ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണൽ ഡി വൈ എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാൾ രണ്ട് പെൺകുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയിൽ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് പറഞ്ഞു.

മാവേലി എക്‌സ്പ്രസിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് ട്രെയിൻ പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. തുടർന്ന് യാത്രക്കാരനെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു. യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ നിലത്തിട്ട് ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.