alaska-temperature-

വാഷിംഗ്‌ടൺ: അമേരിക്കയിലെ ഏറ്റവും വലിയ മഞ്ഞ് പ്രദേശങ്ങളിലൊന്നായ അലാസ്‌കയില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഡിസംബറില്‍ പൊതുവേ മഞ്ഞ് പെയ്യാറുള്ള പ്രദേശത്ത് ഇത്തവണ വിപരീത കാലാവസ്ഥയാണ് ഉണ്ടായത്.

നാഷണല്‍ വെതര്‍ സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം അലാസ്‌കയിലെ കോടിയക് ദ്വീപിലെ താപനില 67 ഡിഗ്രി ഫാരന്‍ഹീറ്റായി (19.4 ഡിഗ്രി സെൽഷ്യസ്) ഉയര്‍ന്നു. ഇത് പ്രദേശത്ത് ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണ്. കോടിയാക് വിമാനത്താവളത്തില്‍ 65 ഡിഗ്രി ഫാരന്‍ഹീറ്റ് താപനിലയും രേഖപ്പെടുത്തി. താപനിലയിലുണ്ടായ മാറ്റം പലയിടങ്ങളിലും മഴ പെയ്യുന്നതിന് കാരണമായി.

താപനിലയിലുണ്ടായ വർദ്ധനവ് അസാധാരണ കാലാവസ്ഥ പ്രതിഭാസമാണെന്ന് അലാസ്‌കയിലെ കാലാവസ്ഥാ വിദഗ്ദ്ധനായ റിക് തോമ്മന്‍ അഭിപ്രായപ്പെട്ടു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ അമിത തോതിലുള്ള കത്തിക്കലാണ് പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്നാണ് പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നത്.

റെക്കോർഡ് ചൂടു രേഖപ്പെടുത്തിയ ദിവസം അലാസ്കയിൽ 25 മില്ലിലിറ്റർ മഴയും പെയ്‌തു. ഇതിനെ തുടർന്നുണ്ടായ മഞ്ഞുവീഴ്ച കാരണം പലയിടങ്ങളിലും മഞ്ഞുമൂടി കിടക്കുകയാണ്. ഇത് ഗതാഗത, വൈദ്യുതി തടസത്തിന് കാരണമായി. ഇത്തരത്തിൽ ചൂടുകൂടുന്നത് കാട്ടുതീ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്. അപ്രതീക്ഷിതമായ കാലാവസ്ഥ മൂലം നൂറ് കണക്കിന് ഫ്‌ളൈറ്റുകൾ റദ്ദാക്കിയിരുന്നു.