
കോളേജിൽ പഠിക്കുന്നകാലത്ത് ഡിറ്റക്ടീവ് നോവലുകളോടായിരുന്നു സരോജത്തിന് കമ്പം. പിന്നീടത് യാത്രാവിവരണങ്ങളോടായി. പഠനം കഴിഞ്ഞിറങ്ങി അധികം വൈകാതെ സ്കൂളിൽ നിയമനം ലഭിച്ചു. കല്യാണ ആലോചനകൾ വന്നപ്പോൾ ഉള്ളിൽ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വരൻ യാത്ര ഇഷ്ടപ്പെടുന്നയാളായിരിക്കണം. ഭാഗ്യത്തിന് വിവാഹം കഴിച്ച ഉദയന് ജോലിയുടെ ഭാഗമായി പലേടത്തും പോകണം. ആദ്യനാളുകളിൽ സരോജം ടീച്ചറും ഭർത്താവിനൊപ്പം കൂടും. സുന്ദരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഉദയൻ പറയും ഇവിടെ കുറേസ്ഥലം വാങ്ങി നല്ലൊരു വീട് വയ്ക്കണം. സ്വച്ഛന്ദമായി മനഃസമാധാനത്തോടെ ജീവിക്കണം.
മക്കളായി കഴിഞ്ഞപ്പോൾ സരോജത്തിന് യാത്രകളോടുള്ള കമ്പം അല്പം കുറഞ്ഞു. ഇനി മക്കളൊക്കെ വലുതായശേഷം പല സ്ഥലങ്ങളും സന്ദർശിക്കണം. മനസിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു പട്ടികതന്നെ തയ്യാറാക്കി. ഭർത്താവുമായി അതേപ്പറ്റി ഇടയ്ക്കിടെ സംസാരിക്കും. രുചിയുള്ള ഭക്ഷണം കിട്ടുന്ന സമയത്ത് കിട്ടുന്നസ്ഥലത്ത് വച്ച് കഴിക്കണം. അടുത്തവർഷം മാങ്ങയുടെ സീസണാകുമ്പോൾ കൊതിതീരുംവരെ മാമ്പഴം കഴിക്കണമെന്ന് തീരുമാനിക്കുന്നതിൽ കാര്യമുണ്ടോ? അതുപോലെയാണ് യാത്രകളും. പണം വന്ന് ബാങ്ക് ബാലൻസായിട്ട് കുറെ യാത്രചെയ്യാം എന്ന് തീരുമാനിച്ചാൽ ആരോഗ്യം കൂടി ബാലൻസാകണ്ടേ - ഉദയൻ തന്റെ വിയോജിപ്പ് തുറന്നുപറയും. പല ഔദ്യോഗികയാത്രകളിലും സരോജത്തെ വിളിക്കാറുണ്ട്. മക്കളുടെ ചില അസൗകര്യങ്ങൾ, വീട്ടിൽ മറ്റാരുമില്ലാതെങ്ങനെ എന്നൊക്കെയാവും സരോജത്തിന്റെ ഒഴികഴിവുകൾ.
ഭർത്താവ് നഷ്ടപ്പെട്ടപ്പോൾ എന്തൊക്കെയാണ് നഷ്ടപ്പെട്ടതെന്ന് ഇപ്പോൾ സരോജം ചിന്തിക്കാറുണ്ട്. നടക്കാതെപോയ എത്രയെത്ര യാത്രകൾ. നീ  ഈ വീടും കെട്ടിപ്പിടിച്ചിരുന്നോ എന്ന് പലപ്പോഴും ഉദയൻ ശാസനയുടെ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. കാശി, രാമേശ്വരം, ഹരിദ്വാർ... നടക്കാത്ത യാത്രകളുടെ ലിസ്റ്റ് ഓർക്കുമ്പോൾ പലപ്പോഴും ദുഃഖം തോന്നും. മക്കൾ കുടുംബമാകുമ്പോൾ അവർക്കൊപ്പം കുറേ സ്ഥലങ്ങൾ കാണാം എന്ന മോഹവും മങ്ങിത്തുടങ്ങി. ഇടയ്ക്കിടെ അറുപതിന്റെ ചില്ലറ പ്രാരാബ്ധങ്ങൾ പറയുന്നത് മക്കളും മരുമക്കളും ആയുധമാക്കും. അവിടെ കൊടുംതണുപ്പാണ്. താങ്ങാൻ പറ്റാത്ത ചൂടാണ്. യാത്ര ചെയ്ത് കൂടുതൽ അസുഖങ്ങൾ വരുത്തിവയ്ക്കണോ എന്ന ചോദ്യത്തിന് മുന്നിൽ ഉള്ളിൽ വിഷമമുണ്ടെങ്കിലും ചിരി അഭിനയിക്കും. സംതൃപ്തി പുറത്തുകാട്ടും. 
ചിലപ്പോൾ വീടും ഗേറ്റും പൂട്ടി മക്കൾ കുടുംബസമേതം പുറത്തുപോകും. ചിലപ്പോൾ അമ്മ വരുന്നുണ്ടോ എന്ന് പേരിന് ചോദിച്ചെന്നുവരും. ഇഷ്ടങ്ങൾ ഉള്ളിലമർത്തി നിങ്ങൾ സുഖമായി പോയിവരൂ എന്ന് ആശംസിക്കും. വാർദ്ധക്യകാലത്ത് ഉറ്റചങ്ങാതിയായി മാറുന്ന ഏകാന്തത പരിഹാസച്ചിരി ചിരിക്കും. ഇരുന്നോ വീടും കെട്ടിപ്പിടിച്ച് എന്ന മട്ടിൽ. ക്ഷേമമന്വേഷിച്ച് അപൂർവമായി എത്തുന്ന ശിഷ്യരോട് സരോജം ടീച്ചർ ഇപ്പോൾ പറയാറുണ്ട്. വന്നു കയറുന്ന യാത്രകളെ പിണക്കി വിടരുത്. കാരണം ആ പിണക്കം വെറും സൗന്ദര്യപ്പിണക്കമായിരിക്കില്ല. പിന്നീട് ഒരിക്കലും ഇണങ്ങാത്ത പിണക്കം തന്നെയാകും.
(ഫോൺ: 9946108220)