
ശരീരത്തിന്റെ പല ഭാഗത്തും ടാറ്റൂ ചെയ്യുന്നവരാണ് പുതിയ തലമുറ. പക്ഷേ, അപ്പോഴും മുഖത്ത് പലരും ടാറ്റൂ ചെയ്യാൻ മടിക്കാറുണ്ട്. എന്നാൽ, ഇവിടൊരു സെലിബ്രിറ്റി തന്റെ മുഖത്ത് തന്നെ ടാറ്റൂ ചെയ്‌തിരിക്കുകയാണ്.
വെറുതേ പബ്ലിസിറ്റിക്ക് വേണ്ടിയാണ് അത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്ന് ആരും കരുതരുത്. ന്യൂസിലാൻഡുകാരിയായ ഒറിനി കെയ്‌പര എന്ന മാദ്ധ്യമപ്രവർത്തക ടാറ്റൂ ചെയ്‌ത മുഖവുമായി നേരെ എത്തിയത് ന്യൂസ് ഫ്‌ളോറിലേക്കായിരുന്നു. വാർത്ത വായിക്കാൻ തയ്യാറെടുത്തിരിക്കുന്നതിന്റെ ചിത്രം ഒറിനി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതും.
ആറ് മണി വാർത്താവായന തുടങ്ങുന്നുവെന്നായിരുന്നു ക്യാപ്ഷൻ നൽകിയത്. തന്റെ വംശത്തെയും അതിന്റെ സവിശേഷതകളെയും പൊതു സമൂഹത്തിന് മുന്നിൽ ഉയർത്തിപിടിച്ചതിന് നിരവധി പേരാണ് ഒറിനിയെ അഭിനന്ദിച്ചത്.
സാധാരണ രീതിയിലുള്ള ടാറ്റൂവായിരുന്നില്ല ഒറിനി മുഖത്ത് ചെയ്‌തത്. 'മോകോ കോയി" എന്നാണ് ഈ ടാറ്റൂ അറിയപ്പെടുന്നത്. മൗറി വംശജരായ സ്ത്രീകളുടെ പരമ്പരാഗത ടാറ്റൂവാണിത്. മൗറി വംശത്തിൽ നിന്നും ഉയർന്നു വരുന്ന ആദ്യത്തെ മാദ്ധ്യമപ്രവർത്തക കൂടിയാണിവർ.
ഡിഎൻഎ ടെസ്റ്റിനുശേഷമാണ് ഒറിനി താനും ആ സമുദായത്തിൽ പെട്ട ആളാണെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് ആ ടാറ്റൂ ചെയ്യാൻ അവർ തീരുമാനിക്കുന്നത്. എന്തായാലും പുതിയ തലമുറയ്‌ക്ക് ഏറെ പ്രോത്സാഹനം നൽകുന്ന തീരുമാനമാണിതെന്നാണ് സോഷ്യൽ മീഡിയയിലെ അധിക കമന്റുകളും പറയുന്നത്.