bajaj

2021ൽ വാഹന കയറ്റുമതിയിൽ മികച്ച മുന്നേറ്റം കാഴ്‌ചവച്ച് ഇന്ത്യൻ വാഹന നിർ‌മ്മാണ കമ്പനിയായ ബജാജ്. 25 ലക്ഷത്തോളം വാഹനങ്ങളാണ് ബജാജ് കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയച്ചത്. ഇതിൽ 22 ലക്ഷത്തോളവും ഇരുചക്ര വാഹനങ്ങളാണ്. മുചക്ര-ക്വഡ്രിസൈക്കിൾ വാഹനങ്ങൾ മൂന്ന് ലക്ഷം യൂണിറ്റോളമുണ്ട്. 125 സിസിയിലധികമുള‌ള വാഹനങ്ങളാണ് കയറ്റിയയച്ചതിൽ അധികവും. ഇവയിൽ തന്നെ മുന്നിൽ ബജാജ് പൾസർ ബൈക്കുകളാണ്. മുപ്പത് ശതമാനത്തോളം വർദ്ധനയാണ് കയറ്റുമതിയിൽ ബജാജ് കഴിഞ്ഞ വർഷം നേടിയത്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഏറ്റവുമധികം വി‌റ്റുപോകുന്ന ഇരുചക്ര വാഹനം പൾസറാണ്. നേപ്പാൾ, ബംഗ്ളാദേശ്, കൊളംബിയ,മെക്‌സിക്കോ, അർജന്റീന, ഗ്വാട്ടിമാല, പെറു, തുർക്കി, ഈജിപ്‌റ്റ് എന്നീ രാജ്യങ്ങളിൽ മുന്നിൽ ബജാജാണ്. 250-400 സിസി വാഹനങ്ങളുടെ വിൽപനയിൽ ഡൊമിനോറിന് 49 ശതമാനം വർദ്ധനയുണ്ട്. കൊളംബിയ, അർജന്റീന, മെക്‌സിക്കോ, ഗ്വാട്ടിമാല, തുർക്കി എന്നീ രാജ്യങ്ങളിൽ ഡൊമിനോറിന് മേൽക്കൈയുണ്ട്.

ആഫ്രിക്കയിലെ നൈജീരിയ, ഉഗാണ്ട, ഡെമോക്രാറ്റിക് റിപബ്ളിക് ഓഫ് കോംഗൊ എന്നീ രാജ്യങ്ങളിൽ 40 ശതമാനവും ബജാജ് ബോക്‌സറാണ് വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ബജാജ്. 70ലധികം രാജ്യങ്ങളിലാണ് ബജാജ് വാഹനങ്ങൾ വിറ്റുപോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുചക്ര വാഹന നിർമാണ കമ്പനിയും ബജാജാണ്.