egg

ഏതു നേരമായാലും ഭക്ഷണത്തിനോടൊപ്പം ഒരു മുട്ട കൂടെ ഉൾപ്പെടുത്തുന്നവരാണ് പലരും. കറിയായും വറുത്തും ഓംലറ്റായും ഒക്കെ നമ്മൾ മുട്ട ഉൾപ്പെടുത്താറുണ്ട്. വലിയ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഒരു മുട്ടയെങ്കിലും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ട‌ർമാരും പറയാറുണ്ട്. ആരോഗ്യഗുണങ്ങൾക്ക് പുറമെ പെട്ടെന്ന് പാചകം ചെയ്യാൻ കഴിയും എന്നതും മറ്റൊരു കാരണമാണ്.

വ്യത്യസ്തമായ രുചികളിൽ പാചകം ചെയ്യാൻ കഴിയുന്ന മുട്ടയിൽ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കാനായി ഡയറ്റിൽ മുട്ട ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ മുട്ട പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് പുതിയ പഠനം പുറത്തു വന്നിരിക്കുന്നത്. പഠനമനുസരിച്ച് ദിവസവും ഒരു മുട്ട കഴിക്കുന്ന ശീലം പ്രമേഹത്തെ ക്ഷണിച്ചു വരുത്തുമെന്നാണ് പറയുന്നത്. ഗവേഷണമനുസരിച്ച് പ്രതിദിനം ഒന്നോ അതിലധികമോ മുട്ടകൾ കഴിക്കുന്നവരിൽ പ്രമേഹം വരാനുള്ള സാദ്ധ്യത 60ശതമാനം കൂടുതലാണ്. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കാണ് അപകടസാദ്ധ്യത കൂടുതൽ എന്നും പറയുന്നു.

എന്താണ് ഭക്ഷണവും പ്രമേഹവും തമ്മിലുള്ള ബന്ധം

egg

മുട്ടയുടെ ദീർഘകാല ഉപഭോഗം പ്രായമാകുമ്പോൾ പ്രമേഹം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു എന്ന് ചൈനയിലെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിലൂടെയാണ് കണ്ടെത്തിയത്. പ്രമേഹവും ഭക്ഷണവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. 'ടൈപ്പ് 2' പ്രമേഹത്തിന്റെ പ്രധാന കാരണം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഘടകങ്ങളാണ്.

മുട്ടയിലെ കൊളസ്ട്രോൾ ആണോ കാരണം?

മുട്ടയിൽ അടങ്ങിയിട്ടുളള കൊഴുപ്പ് ശരീരത്തിന് ഗുണകരമായതാണ്. മുട്ടയിലെ കൊഴുപ്പ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല. എന്നാൽ വെണ്ണ, നെയ്യ്, ബേക്കൺ, ബ്രഡ് തുടങ്ങിയവയോടൊപ്പം ദിവസവും കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കും അതോടൊപ്പം പ്രമേഹം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

എങ്ങനെ ആരോഗ്യകരമായി മുട്ട കഴിക്കാം

egg

ആരോഗ്യകരമായി മുട്ട കഴിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്ങനെ കലോറിയുടെ അളവ് കുറച്ചുകൊണ്ട് മുട്ട പാചകം ചെയ്യാം എന്നതാണ്. ഇങ്ങനെ കഴിക്കുന്നതിലൂടെ മുട്ടയുടെ ഗുണങ്ങൾ ശരീരത്തിന് ലഭിക്കാൻ സഹായിക്കും.

1. മുട്ട വേവിച്ച ശേഷം അരിഞ്ഞ് അതിൽ കുരുമുളക്, ഉപ്പ് എന്നിവ ചേർത്ത് കഴിക്കുക.

2. ഓംലറ്റ് ഉണ്ടാക്കുമ്പോൾ മുട്ടയുടെ എണ്ണവും എണ്ണയുടെ അളവും കുറച്ച് അതിൽ പച്ചക്കറികൾ അരിഞ്ഞ് ചേർക്കുക.

3. മുട്ടകൊണ്ട് വിഭവം ഉണ്ടാക്കുമ്പോൾ വെണ്ണ, എണ്ണ, നെയ്യ് എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുക.

4. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതും നല്ലതാണ്.