
ജോഹന്നാസ്‌ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്‌റ്റ് പരമ്പരയിൽ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയെ നയിക്കാൻ വിരാട് കൊഹ്‌ലിയില്ല. പുറത്തിനേറ്റ പരിക്കിനെ തുടർന്ന് ഇന്ന് ഇന്ത്യയെ നയിക്കുന്നത് കെ.എൽ രാഹുലാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റുകൾ നഷ്‌ടമായിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 26 ഓവറിൽ ഇന്ത്യമൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 53 റൺസ് നേടിയിട്ടുണ്ട്.
തുടക്കത്തിലെ മികച്ചരീതിയിൽ കളിച്ചുവന്ന മയാങ്ക് അഗർവാളാണ് (37 പന്തുകളിൽ 26) ആദ്യം പുറത്തായത്. പിന്നാലെ പൂജാര (3) പുറത്ത്. തൊട്ടുപിന്നാലെ ഫോമില്ലായ്‌മ കൊണ്ട് വിഷമിക്കുന്ന രഹാനെ(0) ആദ്യ പന്തിൽ പുറത്തായി. ഡുവൈൻ ഒലിവിർ രണ്ടും മാർകോ ജെൻസന് ഒരു വിക്കറ്റും നേടി. നായകൻ കെ.എൽ രാഹുൽ(19), ഹനുമ വിഹാരി എന്നിവരാണ് ഇപ്പോൾ ക്രീസിൽ. നേരത്തെ പുറത്തിനേറ്റ പരിക്കിനെ തുടർന്ന് പിന്മാറിയ വിരാട് കൊഹ്‌ലിയ്‌ക്ക് പകരം ഹനുമ വിഹാരിയെ ടീമിൽ ഉൾപ്പെടുത്തി. പേസ് ബൗളർ ബുമ്രയാണ് ഇന്ത്യയുടെ ഉപനായകൻ. ആദ്യ ടെസ്‌റ്റ് വിജയിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 1-0ന് മുന്നിലാണ്.