train

കോഴിക്കോട്: ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദ്ദിക്കുന്നതും ബൂട്ടിട്ട് ചവിട്ടുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി എഐവൈഎഫ്. കേരളാ പൊലീസിൽ ക്രിമിനലുകൾ കൂടിയെന്ന് എഐവൈഎഫ് പ്രതികരിച്ചു. സംസ്ഥാന സെക്രട്ടറി ജിസ് മോനാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്. പൊലീസ് അതിക്രമങ്ങൾ ഇടതുമുന്നണിയുടെ പൊലീസ് നയത്തിന്റെ ശോഭ കെടുത്തിയെന്നും ആഭ്യന്തര വകുപ്പിനെ വിമർശിച്ച് ജിസ് മോൻ പറഞ്ഞു. സംഭവങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാവേലി എക്‌സ്‌പ്രസിൽ ടിക്കറ്റില്ലാതെ യാത്രചെയ്‌തതിനാണ് യാത്രക്കാരനെ മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും

ചെയ്‌തത്. യാത്രക്കാരനോട് മോശമായി പെരുമാറിയ എ.എസ്.ഐയെ റെയിൽവെ ഡ്യൂട്ടിയിൽ നിന്നും മാറ്റി‌നിർത്തും. റെയിൽവെ അഡ്‌മിനിസ്‌ട്രേഷൻ ഡി‌വൈ‌എസ്‌പി സംഭവത്തെക്കുറിച്ച് അന്വേഷിക്കും.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് യാത്രക്കാരനെതിരെ നടപടിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. യാത്രക്കാരനെ തല്ലി വീഴ്‌ത്തുന്നതിന്റെയും ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുന്നതിന്റെയും വീഡിയോ മറ്റൊരു യാത്രക്കാരനാണ് പകർത്തിയത്. കണ്ണൂരിൽ നിന്നും ട്രെയിൻ പുറപ്പെട്ട ഉടനെയായിരുന്നു സംഭവം.