virat-kohli

ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി പിന്മാറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. പുറംവേദനമൂലമാണെന്ന് ടീം അധികൃതർ ഔദ്യോഗികവിശദീകരണം നൽകുമ്പോഴും രണ്ട് ദിവസം മുമ്പെ ഇന്ത്യൻ നായകനുമായി ബന്ധപ്പെട്ട് ഉടലെടുത്ത പുതിയ വിവാദമാണോ ഈ പിന്മാറ്റത്തിന് കാരണമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. മത്സരത്തലേന്നായ ഞായറാഴ്ച വൈകിട്ട് പോലും സജീവമായി നെറ്റ് പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കൊഹ്‌ലി തന്റെ ചില പരിശീലന വീഡിയോകൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

ടോസിനിടെ കെ എൽ രാഹുൽ പറയുമ്പോഴാണ് കൊഹ്‌ലിക്ക് പരിക്കാണെന്നുള്ള വാർത്ത പുറംലോകമറിയുന്നത്. എന്നാൽ അതിനും ഏകദേശം ഒരുമണിക്കൂർ മുമ്പായി തന്നെ കൊഹ്‌ലിയുടെ ഐ പി എൽ ടീമായ ആർ സി ബി കെ എൽ രാഹുലിന്റെ പടം വച്ച ആശംസാകാർഡ് തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കെ എൽ രാഹുൽ ക്യാപ്ടൻ ആണെന്നുള്ള സൂചനകളൊന്നും തന്നെ ആശംംസാകാർഡിൽ ഇല്ലായിരുന്നെങ്കിലും തങ്ങളുടെ ടീം അംഗം പോലുമല്ലാതെ ഒരു താരത്തിന്റെ പടം വച്ച ആശംസാകാർഡ് ആ‌‌ർ‌ സി ബി എന്തിന് പങ്കുവച്ചുവെന്ന ചോദ്യം ബാക്കിയാണ്.

കൊഹ്‌ലിക്ക് പുറംവേദന ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. 2018ൽ ഇംഗ്ലീഷ് കൗണ്ടിയിൽ കളിക്കുന്ന സമയത്ത് ഉടലെടുത്ത വേദന ഇടയ്ക്കിടെ താരത്തെ അലട്ടാറുമുണ്ട്. എന്നാൽ കൊഹ്‌ലി - ഗാംഗുലി വിവാദത്തിൽ കഴിഞ്ഞ ദിവസം ചീഫ് സെലക്ടർ ചേതൻ ശർമ്മ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് കൊഹ്‌ലി രണ്ടാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നതും ശ്രദ്ധേയമാണ്. ടി ട്വന്റി ക്യാപ്ടൻ സ്ഥാനം ഒഴിയുന്ന തീരുമാനം എടുത്തതിന് പിന്നാലെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ വിളിച്ചിരുന്നില്ലെന്ന് കൊഹ്‌ലി പറഞ്ഞിരുന്നു. എന്നാൽ ബി സി സി ഐ അദ്ധ്യക്ഷനായ സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഉൾപ്പെടെ ബി സി സി ഐയിലെ എല്ലാവരും കൊഹ്‌ലിയോട് ക്യാപ്ടൻസി സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് ചേതൻ ശർമ്മ മാദ്ധ്യമപ്രവർത്തകരോട് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു.

എല്ലാവരും മറന്നുതുടങ്ങിയ വിവാദം വീണ്ടും കുത്തിപ്പൊക്കിയതിൽ കൊഹ്‌ലിക്കുള്ള അമർഷമാണോ രണ്ടാം ടെസ്റ്റിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന സംശയങ്ങളും ഉയരുന്നുണ്ട്.