
കൊച്ചി: യു പി ഐ വഴി കഴിഞ്ഞ മാസം മാത്രം ഇന്ത്യക്കാർ കൈമാറിയത് എട്ട് ലക്ഷം കോടി രൂപ. കൊവിഡ്കാലത്ത് ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളിൽ വന്ന വമ്പൻ കുതിച്ചുകയറ്റത്തിന്റെ ഉദാഹരണമാണിതെന്ന് അധികൃതർ പറഞ്ഞു. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കനുസരിച്ച് ഡിസംബറിലെ യു പി ഐ ഇടപാടുമൂല്യം 8.26 ലക്ഷം കോടി രൂപയാണ്.
ആകെ 3,874 കോടി രൂപയുടെ ഇടപാടുകൾ 2021ൽ യു പി ഐ വഴി നടന്നെന്നും ഇത് സർവകാല റെക്കാഡാണെന്നും എൻ പി സി ഐ അറിയിച്ചു. മുൻ വർഷം യു പി ഐ വഴി നടത്തിയത് 1,887കോടിയുടെ ഇടപാടുകൾ മാത്രമായിരുന്നു. അതിനേക്കാൾ 105 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷം കൊണ്ട് ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയുള്ള പണമിടപാടുകളിൽ സംഭവിച്ചിരിക്കുന്നത്.
ഇടപാടുകളുടെ മൂല്യം 2020ൽ 31 ലക്ഷം കോടി രൂപ ആയിരുന്നത് 2021ൽ 71.46 ലക്ഷം കോടിയിലെത്തി. 130 ശതമാനത്തിന്റെ വർദ്ധനയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കൊവിഡിൽ ഒക്‌ടോബർ വരെ ഓരോമാസവും പുതിയ ഉയരമാണ് യു പി ഐ ഇടപാടുകൾ കുറിച്ചത്. നവംബറിൽ നേരിയ ഇടിവുണ്ടായി. എന്നാൽ, ഡിസംബറിൽ സർവ റെക്കാഡുകളും തകർന്നു.
2016ലെ നോട്ട് അസാധുവാക്കലിന് ശേഷമാണ് കേന്ദ്രം യു പി ഐ സംവിധാനം അവതരിപ്പിച്ചത്. 2020 ആഗസ്‌റ്റിൽ പ്രതിമാസ ഇടപാടുമൂല്യം ആദ്യമായി മൂന്നുലക്ഷം കോടി രൂപ കടന്നു. തുടർന്ന് ഒന്നരവർഷത്തിനകം മൂല്യം എട്ടുലക്ഷം കോടി രൂപ കടക്കുന്നതിന് 2021 ഡിസംബർ സാക്ഷിയായി.
എൻ പി സി ഐയുടെ നവംബറിലെ കണക്കുപ്രകാരം ഏറ്റവുമധികം യു പി ഐ ഇടപാടുകൾ നടന്നത് ഫോൺപേ വഴിയാണ്. 45 ശതമാനം ഇടപാടുകൾ ഗൂഗിൾപേ വഴിയും 15 ശതമാനം പേടിഎം വഴിയുമാണ് കഴിഞ്ഞ വർഷം നടന്നിരിക്കുന്നത്.