india-cricket

ജൊഹാന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് നിര. ആദ്യദിനത്തിൽ വെറും 202 റൺസിന് ഇന്ത്യ ആൾഔട്ടായി. വെറും 63.3 ഓവറിൽ സന്ദർശകരുടെ എല്ലാ താരങ്ങളെയും പുറത്താക്കിയ ദക്ഷിണാഫ്രിക്കൻ ബൗളർമാർ അരങ്ങു വാണ ആദ്യ ദിവസം വെറും ആറ് ഇന്ത്യൻ ബാറ്റ്സ്മാന്മാർ മാത്രമാണ് രണ്ടക്കം കടന്നത്.

ക്യാപ്ടൻ വിരാട് കൊഹ്ലി പരിക്കിനെതുടർന്ന് വിട്ടുനിന്ന മത്സരത്തിൽ വൈസ് ക്യാപ്ടൻ കെ എൽ രാഹുലിന്റെ (50) നേതൃത്വത്തിലാണ് ഇന്ത്യ കളിക്കിറങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാഹുൽ, ഓപ്പണർ മായങ്ക് അഗർവാളിനൊപ്പം ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. എന്നാൽ സ്കോർ 36ൽ എത്തിയപ്പോൾ 26 റണ്ണെടുത്ത അഗർവാളിനെ ജാൻസണിന്റെ പന്തിൽ വിക്കറ്റ്കീപ്പർ വെറേയ്നെ പിടിച്ച് പുറത്താക്കിയതോടെ മത്സരം ഇന്ത്യയുടെ കൈയിഷ നിന്ന് വഴുതിപോയി. തുടർന്ന് വന്ന ചേതേശ്വർ പുജാര മൂന്ന് റണ്ണെടുത്ത ശേഷവും അജിങ്ക്യ രഹാനെ ആദ്യപന്തിലും പുറത്തായി. ഡുവാൻ ഒളിവറിന്റെ ബൗൺസറിൽ പുജാരയുടെ കണക്കുകൂട്ടലുകൾ തെറ്റിയെങ്കിൽ ഓഫ്‌സ്റ്റംപിന് പുറത്തേക്ക് പോയ പോയ ഷോർട്ട് ലെംഗ്ത് പന്തിൽ അനാവശ്യമായി ബാറ്റ് വച്ച് രഹാനെയും പുറത്താകുകയായിരുന്നു.

പിന്നാലെ വന്ന ഹനുമാ വിഹാരി (20) കുറച്ചു സമയം ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ പുറത്തായി.

തുടർന്ന് വാലറ്റത്ത് രവിചന്ദ്രൻ അശ്വിനും (46) ജസ്പ്രീത് ബുമ്രയും (14) നടത്തിയ പ്രകടനങ്ങളാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഒരു സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു ബുമ്രയുടെ ഇന്നിംഗ്സ്.

മറുപടി ബാറ്റിംഗിൽ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റണ്ണെടുത്തിട്ടുണ്ട്. ക്യാപ്ടൻ ഡീൻ എൾഗാറും കീഗൻ പീറ്റേഴ്സണുമാണ് ക്രീസിൽ. ഏഴ് റൺസെടുത്ത ഓപ്പണർ എയ്ഡൻ മാ‌ർക്ക്‌റാമിനെ മുഹമ്മദ് ഷമി വിക്കറ്രിന് മുന്നിൽ കുടുക്കുകയായിരുന്നു.