
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊവാക്‌സിനാണ് കുട്ടികൾക്ക് നൽകിയത്. 9338 ഡോസ് വാക്‌സിൻ നൽകിയ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 6868 പേർക്ക് വാക്‌സിൻ നൽകി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേർക്ക് വാക്‌സിൻ നൽകി തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമാണ്. 551 കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
മിക്ക കേന്ദ്രങ്ങളിലും കൗമാരക്കാരുടെ നല്ല തിരക്ക് അനുഭവപ്പെട്ടു. ഇന്ന് വാക്‌സിൻ സ്വീകരിച്ച ആർക്കും തന്നെ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂർ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂർ 1613, കാസർകോട് 738 എന്നിങ്ങനേയാണ് കുട്ടികൾക്ക് വാക്‌സിൻ നൽകിയത്.
ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ ജില്ല, ജനറൽ, താലൂക്ക് ആശുപത്രികൾ, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാകും.