
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷൻ ആണെന്ന ആരോപണവുമായി നടൻ ദിലീപ്. കോടതിയിലെ കേസ് അട്ടിമറിക്കാൻ ആണ് അഭിമുഖം വഴി ശ്രമിക്കുന്നതെന്നും. പരാതിക്ക് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥനും ഉണ്ടെന്നും ദിലീപ് ഡി.ജി.പിക്കും എ.ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു.
202 -ാം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിൻ്റെ തലേ ദിവസം ആണ് പരാതി രൂപപ്പെട്ടത്. വിസ്താരം നടന്നിരുന്നെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കണ്ടെത്തൽ തകരുമായിരുന്നു. പ്രോസിക്യൂട്ടറെ രാജി വയ്പ്പിച്ചത് വിസ്താരം അനാവശ്യമായി നീട്ടാനാണ്. ബാലചന്ദ്രകുമാറിൻ്റെ പരാതിയിൽ തുടരന്വേഷണം നടത്തുന്നതിൽ എതിർപ്പില്ല. ഗൂഢാലോചന നടത്തിയ ബൈജു പൗലോസിനെ അന്വേഷണം ഏല്പിക്കരുത് എന്നും ദിലീപ് പരാതിയിൽ പറയുന്നു. തുടർ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ നിർദ്ദേശം നൽകണം. ബൈജു പൗലോസിന് എതിരെ നടപടി വേണം എന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.