case

ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ടുപേ‌ർ കൂടി പിടിയിൽ. എസ്‌‌ഡി‌പി‌ഐ പ്രവർത്തകരാണ് പിടിയിലായത്. ഇവർ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ‌.

ഇവരുടെ അറസ്‌റ്റോടെ കേസിൽ പിടിയിലാകുന്നവരുടെ എണ്ണം 14 ആയി. തിങ്കളാഴ്‌ച പുലർച്ചെയും രണ്ടുപേർ പിടിയിലായിരുന്നു. കൊലയിൽ പങ്കെടുത്തവർക്ക് പുറമെ ഗൂഢാലോചനയിൽ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീൻ, പ്രതികൾക്ക് വ്യാജ സിം സംഘടിപ്പിച്ച് കൊടുത്ത പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷ എന്നിവർ ആദ്യം അറസ്‌റ്റിലായിരുന്നു.

ഡിസംബർ 18ന് രാത്രി എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിനെ വാഹനം ഇടിച്ചിട്ട ശേഷം ഒരു സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് മണിക്കൂറുകൾക്കകം ഡിസംബർ 19ന് പ്രഭാത നടത്തത്തിന് തയ്യാറാകുകയായിരുന്ന രൺജിത്ത് ശ്രീനിവാസനെ പന്ത്രണ്ടംഗ സംഘം വീട്ടിൽകയറി കൊലപ്പെടുത്തിയത്. അമ്മയ്‌ക്കും ഭാര്യയ്‌ക്കും മകൾക്കും മുന്നിലിട്ടായിരുന്നു കൊലപാതകം. സംഭവത്തിൽ പങ്കുള‌ളവർക്കായി കർണാടകയിലും തമിഴ്‌നാട്ടിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് അലംഭാവമുണ്ടെന്ന് ആരോപിച്ച് ബിജെപി ആലപ്പുഴ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.