
കോഴിക്കോട്: ഭാര്യാമാതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മരുമകൻ അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിരയിൽ ചുണ്ടെമ്മൽ ലിജിൻ (25) ആണ് ഭാര്യാമാതാവായ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജയുടെ (48) തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ശനിയാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മഹിജ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബകലഹമാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ലിജിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ അനുനയിപ്പിക്കുന്നതിന് വേണ്ടി ലിജിൻ പുതുവത്സരദിനത്തിൽ ഒരു കേക്ക് വാങ്ങിച്ചു നൽകി. എന്നാൽ കേക്ക് ലിജിന്റെ തന്നെ മുഖത്തേക്ക് ഭാര്യ വലിച്ചെറിയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ലിജിൻ ഭാര്യാമാതാവിന്റെ തലയടിച്ച് തകർക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി.