
തിരൂരങ്ങാടി: മുസ്ലിം യൂത്ത് ലീഗ് കെ.എം.സി.സി പ്രവർത്തകനായ തിരൂരങ്ങാടി സ്വദേശി സി.എച്ച് അബൂബക്കർ സിദ്ധിഖിന് നേരെ കഞ്ചാവ് ലഹരി മാഫിയയുടെ ആക്രമണം. തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ പരിസരം കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി എത്തിക്കുന്ന സംഘത്തെ കുറിച്ച് എക്സൈസിന് വിവരം നൽകിയത് സിദ്ധിഖാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ തിരൂരങ്ങാടി പള്ളിപറമ്പ് സ്വദേശി കറുത്തോമാട്ടിൽ മഹ്മൂദിനെ (45) പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരൂരങ്ങാടി വെള്ളിക്കാട് റോഡിൽ തിങ്കളാഴ്ച വൈകിട്ട് നാലിനാണ് സംഭവം. ബൈക്കിൽ വീട്ടിലേക്ക് പോകവേയായിരുന്നു ആക്രമണം. നെഞ്ചിന് പരിക്കുണ്ട്. മൊബൈൽ ഫോണും തകർന്നു. പ്രദേശവാസികളായ മെഹബൂബ്, മഹ്മൂദ് എന്നീ യുവാക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് അബൂബക്കർ സിദ്ദീഖ് പറഞ്ഞു. പരിക്കേറ്റ സിദ്ധിഖ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.