binoy

മുംബയ്': പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷയിൽ കേസ് ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. അനിശ്ചിതമായി കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും സത്യം പുറത്തുവരണമെന്നുമാണ് യുവതി അപേക്ഷയിൽ ആവശ്യപ്പെടുന്നത്. ഫലം പുറത്തുവരുന്നതോടെ സത്യം തെളിയിക്കപ്പെടും. ഡിസംബർ മൂന്നിന് യുവതി സമ‌ർപ്പിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക.

ബിഹാ‌ർ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതി തള‌ളണമെന്ന ബിനോയ് കോടിയേരിയുടെ ഹർജിയിലാണ് ഹൈക്കോടതി ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. 2019 ജുലായിൽ പരിശോധന നടത്തി. 2020 ഡിസംബറിൽ ഫലം സീൽ ചെയ്‌ത കവറിൽ കോടതിയ്‌ക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

വിവാഹ വാഗ്‌ദാനം നൽകി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ട് വയസുള‌ള കുട്ടിയുണ്ടെന്നും യുവതി 2019 ജൂൺ 13ന് പരാതിപ്പെട്ടിരുന്നു. തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നൽകണമെന്നാണ് ഡാൻസ് ബാറിലെ നർത്തകിയായ യുവതി ആവശ്യപ്പെട്ടിരുന്നത്.