prs

തിരുവനന്തപുരം: കിള‌ളിപ്പാലം ബണ്ട് റോഡിൽ ഇന്നലെ ആക്രിക്കട ഗോ‌ഡൗണിലുണ്ടായ തീപിടിത്തം പ്രദേശത്തെയും നഗരത്തിലെയും ജനങ്ങൾ ഞെട്ടലോടെയാണ് കേട്ടത്. ഈ പ്രദേശത്ത് ഇതുപോലെ ധാരാളം ആക്രിക്കടകളുണ്ടെന്നതായിരുന്നു ആശങ്കയ്‌ക്ക് കാരണമായത്. എന്നാൽ ഇന്നലെ തീപിടിച്ച കടയുൾപ്പടെ പ്രദേശത്തെ മിക്ക കടകൾക്കും കോർപറേഷന്റെ ലൈസൻസില്ലെന്ന് വിവരം. കോർപറേഷൻ അധികൃതർ തന്നെയാണ് വിവരം അറിയിച്ചത്.

തകര ഷീറ്റുകൊണ്ടാണ് മിക്ക ആക്രി കടകളും നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ട് അഗ്നി രക്ഷാസേനയുടെ എൻ‌ഒസി വേണ്ട. ഇക്കാര്യത്തിൽ പരാതി പറഞ്ഞിട്ട് വേണ്ടത്ര ഗൗനിക്കാൻ കോർ‌പറേഷൻ തയ്യാറായിട്ടില്ലെന്നാണ് സ്ഥലവാസികൾ പറയുന്നത്. ഇതിനുപുറമെ ആക്രിക്കട നടത്തിപ്പുകാരുടെ ഭീഷണിയും ഇവർക്ക് നേരിടേണ്ടി വരുന്നു. ചെറിയൊരു തീപ്പൊരി കൊണ്ട് സ്ഥലമാകെ വലിയ തീപിടിത്തമുണ്ടാകാവുന്ന സ്ഥിതിയാണ്. ചില ആക്രിക്കടകളിൽ വീപ്പ നിറച്ചും ടാർ സൂക്ഷിച്ചിട്ടുണ്ട്. ഇതും തീപിടിത്തത്തിന് കാരണമാകുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. ഇവിടെയൊന്നും ഇന്നലെയുണ്ടായതുപോലെ വലിയ തീപിടിത്തമുണ്ടായാൽ കെടുത്താൻ ആവശ്യമായ സംവിധാനങ്ങളില്ല. തൊട്ടടുത്ത പുഴയിലെ വെള‌ളമാണ് തീകെടുത്താൻ ഇന്നലെ ഉപയോഗിച്ചത്.

തിരുവനന്തപുരം കരമന പി‌ആർ‌എസ് ആശുപത്രിയ്‌ക്ക് പിന്നിലുള‌ള റോഡിൽ 50 മീ‌റ്റ‌ർ മാറിയാണ് ഇന്നലെ തീപിടിത്തമുണ്ടായത്. പോസ്‌റ്റിൽ നിന്നും ഷോർട്ട് സർക്യൂട്ട് ഉണ്ടായി കടയിലേക്ക് തീപടർന്നെന്നാണ് കടയുടമ നൽകിയ വിവരം. ഉച്ചയ്‌ക്ക് 12 മണിയോടെയാണ് തീപിടത്തം കണ്ടതെന്ന് സമീപവാസികൾ പറഞ്ഞു. ഗോഡൗണിൽ നിന്നും വലിയ സ്‌ഫോടന ശബ്ദ‌വുമുണ്ടായി. തീപിടിച്ച ആക്രി ഗോഡൗണിന് പിന്നിലെ വീടുകൾക്കും മരങ്ങൾക്കും കേടുപാടുണ്ട്. ആക്രി ഗോഡൗണിന് പിന്നിലെ വീടിന്റെ മുൻവശം ഭാഗികമായി കത്തിനശിച്ചു. സമീപത്തെ മൂന്ന് തെങ്ങുകൾ മുഴുവനായും കത്തിനശിച്ചു. എയർപോർട്ടിലേതുൾപ്പടെ ഫയർ എഞ്ചിനുകൾ എത്തിയാണ് തീയണക്കാൻ കഴിഞ്ഞത്.