aiysha

ആദ്യമായി സിനിമയെടുക്കുന്ന ലക്ഷദ്വീപ് വാസിയായി ഐഷ സുൽത്താന ചരിത്രത്തിൽ ഇടംനേടി .ഐഷ സുൽത്താന സംവിധാനം ചെയ്ത ഫ്ളഷ് എന്ന മലയാള സിനിമയ്ക് കഴിഞ്ഞ ദിവസം യു സർട്ടിഫിക്കറ്റ് ലഭിച്ചു. " ഇത് ലക്ഷദ്വീപിന്റെ കഥയാണ്,അവിടുത്തെ മനുഷ്യരുടെ കഥയാണ്.അവരുടെ ആവശ്യം എന്തെന്ന് തുറന്നു പറയുന്ന സിനിമയാണ്.കടലും കരയും ഒന്നാണെന്ന് പറയുന്ന സിനിമയാണ്. ലക്ഷദ്വീപിലെത്തുന്ന ഒരാൾക്ക് അവിടെ എന്താണ് അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കുന്ന കഥയാണ്.പെൺകുട്ടികൾ ആത്മഹത്യ ചെയ്യരുതെന്ന് പറയുന്ന സിനിമയാണ്.".കഥയും സംവിധാനവും നിർവഹിച്ച തന്റെ സിനിമ സെൻസർ ചെയ്ത ആഹ്ളാദത്തിൽ ഐഷ വാചാലയായി.

എല്ലാവരും പുതുമുഖങ്ങളാണ്.മൂന്ന് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ടുപോകുന്നത്.മൂന്നുതലത്തിൽ സഞ്ചരിക്കുന്നവർ. ഡിംപിൾ പോൾ എന്ന മുംബൈ മോഡൽ, ചിത്രത്തിന്റെ മേക്ക് അപ്പ് വുമൺകൂടിയായ ഐറാനൂർ, അരുന്ധതി, എന്നിവരാണ് ആ വേഷങ്ങൾ ചെയ്യുന്നത്.പൂർണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയാണ്.144 പ്രഖ്യാപിച്ചതിനെ തുടർന്ന് വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയതെന്ന് ഐഷ പറഞ്ഞു.ബീനാ കാസിമാണ് നിർമ്മാതാവ്.ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളും ചില പ്രശ്നങ്ങളുടെ പരിഹാരവും തന്റെ സിനിമയിലുണ്ടെന്ന് ഐഷ പറയുന്നു. ലക്ഷദ്വീപിന്റെ നെഗറ്റീവും പോസിറ്റീവും ഇതിലുണ്ട്.ഒരു കഥാപാത്രത്തേയും ഭാവനയിൽൽ നിന്ന് ചിത്രീകരിക്കേണ്ടിവന്നില്ല. ഇതുകാണുന്ന ഓരോ ദ്വീപുകാരനും ഇത് ഞാനാണല്ലോ എന്ന് തോന്നും.കാണുന്ന ഓരോ മലയാളിക്കും താൻ അവിടെപ്പോയാൽ ഇങ്ങിനെയാണല്ലോ എന്നുതോന്നും.കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഈ സിനിമയിലുണ്ട്.-ഐഷ വ്യകാതമാക്കുന്നു.തന്റെ അടുത്ത ചിത്രം 124 (എ) ചിത്രീകരണം ഈ വർഷം പകുതിയോടെ ആരംഭിക്കുമെന്നും ഐഷ അറിയിച്ചു.