
തൃശൂർ: കണ്ണാറയിൽ മദ്യലഹരിയിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം കടന്നുകളയാൻ ശ്രമിച്ച എ.എസ്.ഐയും സംഘത്തെയും തടഞ്ഞുവെച്ച് നാട്ടുകാർ. മലപ്പുറം എ.ആർ ക്യാമ്പിലെ എ.എസ്.ഐയായ പ്രശാന്താണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. ബൈക്ക് യാത്രികരായ ലിജിത്ത്, കാവ്യ എന്നിവരെ വന്നിടിച്ച എ.എസ്.ഐ ഓടിച്ച കാർ നിർത്താതെ പോയി.
തുടർന്ന് ഇതുവഴി വന്ന നാട്ടുകാർ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ നൽകിയ വിവരത്തെ തുടർന്ന് പിന്തുടർന്ന നാട്ടുകാർ ഒരുകിലോമീറ്ററകലെ അപകടത്തിൽ തകർന്ന കാറിൽ പ്രശാന്തിനെയും സംഘത്തെയും കണ്ടെത്തി. വാഹനത്തിന്റെ മുൻവശം തകരുകയും ടയർ പൊട്ടുകയും ചെയ്‌തതിനാൽ വാഹനം മുന്നോട്ട് പോകാനാകാതെ വന്നതോടെയാണ് ഇവരെ നാട്ടുകാർ കണ്ടെത്തിയത്. കാർ ഓടിച്ചിരുന്ന പ്രശാന്ത് അമിതമായി മദ്യപിച്ച നിലയിലായിരുന്നു. കൂടെയുളളവരും മദ്യ ലഹരിയിലായിരുന്നു. കണ്ണാറയിൽ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ.
മുൻപ് വടക്കേക്കാട് പൊലീസ് സ്‌റ്റേഷനിൽ എ.എസ്.ഐയായിരുന്ന പ്രശാന്ത് ഇവിടെവച്ച് പരിചയപ്പെട്ടവരുമായാണ് പിറന്നാൾ ആഘോഷത്തിന് പോയത്. നാട്ടുകാർ തടഞ്ഞുവച്ചതോടെ ഇവരുമായി വഴക്കുണ്ടാകുകയും ചെയ്‌തു. പിന്നീട് പൊലീസ് എത്തിയതോടെയാണ് അപകടമുണ്ടാക്കിയത് എ.എസ്.ഐയാണെന്ന് വെളിവായത്. പരിക്കേറ്റവരെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരാക്കിയതായാണ് വിവരം. ഇവരുടെ കാലിൽ ഉൾപ്പടെ ഗുരുതര പരിക്കുണ്ട്.