renjith

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജിത്ത് വധക്കേസിൽ കൊലയാളികൾ ഉപയോഗിച്ചത് നിരപരാധിയായ വീട്ടമ്മയുടെ പേരിലുള്ള സിം കാർഡായിരുന്നുവെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

മൊബൈൽ കടയുടമയും കൊലയാളി സംഘവും ചേർന്ന് വീട്ടമ്മയുടെ രേഖകൾ സംഘടിപ്പിച്ച് സിം കാർഡ് എടുക്കുകയായിരുന്നു. വീട്ടമ്മയെ പൊലീസ് ചോദ്യം ചെയ്‌തതോടെയാണ് കള്ളക്കളി പുറത്തായത്. ചോദ്യം ചെയ്യലിനിടിയിൽ ഇവർ സ്റ്റേഷനിൽ ബോധം കെട്ടുവീഴുകയും ചെയ്‌തു. മൂന്നു തവണ ചോദ്യം ചെയ്‌തതിനൊടുവിൽ അന്വേഷണ സംഘത്തിന് അവർ നിരപരാധിയാണെന്ന് ബോദ്ധ്യപ്പെട്ടിരുന്നു.

പ്രതികൾ ഉപയോഗിച്ചിരുന്ന മറ്റു സിം കാർഡുകളും സമാനമായ രീതിയിൽ നിരപരാധികളുടെ പേരിൽ സംഘടിപ്പിച്ചവയാണെന്നും പൊലീസ് വ്യക്തമാക്കി. ഇവ ഉപയോഗിച്ചാണ് കൊലയാളി സംഘം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നത്.

പുന്നപ്ര പഞ്ചായത്ത് മെമ്പറായ സുൾഫിക്കറാണ് വീട്ടമ്മയുടെ പേരിൽ വ്യാജ സിം കാർഡ് എടുത്തതെന്നാണ് മൊബൈൽക്കട ഉടമ പൊലീസ് സ്‌റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി.