sreejith-panicker

തിരുവനന്തപുരം: ചാനൽ ച‌ർച്ചകളിൽ നടക്കുന്ന പൊരിഞ്ഞ തല്ലിന്റെ പിന്നിൽ നടക്കുന്ന സത്യം തുറന്നു പറഞ്ഞ് ശ്രീജിത്ത് പണിക്കർ. ചർച്ചയ്ക്കിടെ നടക്കുന്ന വഴക്കുകളൊന്നും വ്യക്തിപരമല്ല എന്നും എല്ലാവരും പരസ്പരം നല്ല സൗഹൃദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ചർച്ചകളിൽ പങ്കെടുക്കുന്ന സമയത്തെ വാക്കുതർക്കങ്ങൾക്കും രാഷ്ട്രീയ സംഭാഷണങ്ങൾക്കുമപ്പുറം എല്ലാ രാഷ്ട്രീയ നേതാക്കളുമായി സൗഹൃദത്തിലാണെന്നും. എല്ലാവരും വഴക്കിടാറുണ്ട് ചിലപ്പോൾ ചർച്ച തീർന്നതിനു ശേഷവും പലപ്പോഴും അടി നടക്കാറുണ്ട്. എന്നാൽ അതൊന്നും വ്യക്തിപരമായി ബാധിക്കുന്നതല്ല എന്നും ശ്രീജിത്ത് പറഞ്ഞു.

കോൺഗ്രസ്, ബിജെപി, കമ്മ്യൂണിസ്റ്റ് എന്നീ പാർട്ടികളുടെ നേതാക്കൾ ചർച്ച കണ്ടതിനു ശേഷം നന്നായിരുന്നു എന്ന് വിളിച്ചു പറയാറുണ്ട്, അത് പിന്നീട് വല്യ സൗഹൃദമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ വ്യക്തി ബന്ധമൊന്നും ഇല്ലാത്തത് കമ്മ്യൂണിസ്റ്റുകാരുമായാണ്. എന്നാൽ ലോക്ഡൗൺ സമയത്ത് സുഖവിവരങ്ങൾ അന്വേഷിച്ച ഒരേയൊരു രാഷ്ട്രീയക്കാരനേ ഉണ്ടായിരുന്നുള്ളു. അത് കമ്മ്യൂണിസ്റ്റുകാരനായ എ സമ്പത്താണ് എന്നും ശ്രീജിത്ത് പറഞ്ഞു.

പ്രേക്ഷകർ ഒന്നോ ഒന്നരയോ മണിക്കൂറിൽ കാണുന്ന രാഷ്ട്രീയ വിദ്വേഷങ്ങൾക്കോ എതിർപ്പുകൾക്കോ അപ്പുറമാണ് വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നുള്ള സത്യം രാഷ്ട്രീയത്തിന്റെ പേരിൽ അടികൂടുന്ന പ്രേക്ഷകർ മനസിലാക്കണം എന്നും ശ്രീജിത്ത് പറഞ്ഞു.