 
പുതുവത്സര ദിനത്തിൽ രാത്രി ഫ്ളവേഴ്സ് ടി.വി.യിലെ അഭിമുഖഷോയിൽ ആർ. ശ്രീകണ്ഠൻനായർ  കവി  മുരുകൻ കാട്ടാക്കടയോട്  ചോദിച്ചു: ''താങ്കൾ മറ്റു കവികൾക്കിടയിൽ അവഗണിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടോ?"" എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് കാട്ടാക്കട പറഞ്ഞത് ''ഉണ്ട്"" എന്നായിരുന്നു: ''കവിത ചൊല്ലുന്നത് എന്തോ മഹാപരാധമായി കരുതുന്ന കവികളിൽ നിന്ന് അവഗണന എനിക്ക് ഏറെ കിട്ടിയിട്ടുണ്ട്.""
മനോഹരമായ ഈണത്തിലും താളത്തിലും ആലപിക്കുമ്പോഴാണ് കവിതയുടെ ചില്ലകൾ പൂവിടുന്നതെന്ന് വിശ്വസിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഏറെ വിഷാദഭരിതമായി ആ പുതുവർഷരാത്രി. കവികൾക്കിടയിലെ 'പൊളിറ്റിക്സി" നെക്കുറിച്ചുള്ള മുരുകൻ കാട്ടാക്കടയുടെ ആ തുറന്നുപറച്ചിൽ വീണ്ടും വീണ്ടും മനസിൽ വിങ്ങിക്കൊണ്ടിരുന്നു... എന്നാൽ നാളുകൾ കഴിഞ്ഞ് ഇപ്പോഴോർക്കുമ്പോൾ, എനിക്കുറപ്പുണ്ട്, വി. മധുസൂദനൻനായരും ബാലചന്ദ്രൻ ചുള്ളിക്കാടും മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനും തൊട്ട് ഇങ്ങേയറ്റത്ത് സുമേഷ് കൃഷ്ണനും  ദുർഗാപ്രസാദും  വരെയുള്ളവരുടെ ആത്മസുഗന്ധം പരത്തിയ ആലാപനമികവുകൊണ്ടാണ്  മലയാളികൾ പ്രശസ്തങ്ങളായ ഒട്ടേറെ കവിതകൾ നെഞ്ചേറ്റിയത് എന്ന്. വയലാറിന്റേയും വൈലോപ്പിള്ളിയുടേയും പല കവിതകളും മധുസൂദനൻ സാറിന്റെ ആലാപനക്കാസറ്റുകളിലൂടെ നമ്മൾ കൊണ്ടാടിയ ഒരു കാലമുണ്ടായിരുന്നു. രാവണപുത്രിയും അശ്വമേധവും മാമ്പഴവുമെല്ലാം ഹൃദയത്തിൽ നിറഞ്ഞ ആ പഴയ നല്ല ദിനങ്ങൾ ഓർമ വരുന്നു. ഇപ്പോഴും യൂട്യൂബിൽ നിന്ന് അത് നാം കേൾക്കുന്നു. പനച്ചൂരാനും കാട്ടാക്കടയും ഒക്കെ കാമ്പസുകളിൽ ഒരുകാലത്ത് തരംഗം സൃഷ്ടിച്ചു. കവിത കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങി വന്നത് ആ കാസറ്റുകളിലൂടെയും സി.ഡികളിലൂടെയും തന്നെയായിരുന്നു. അയ്യപ്പപ്പണിക്കരുടെ പല കവിതകളും നടന്മാരായ നെടുമുടി വേണുവും മുരളിയും  സുരാസുവുമടക്കമുള്ളവർ 'ചൊൽക്കാഴ്ച" നടത്തിയതിലൂടെയാണ് ജനകീയമായത് എന്നത് നമ്മൾ മറന്നുപോവരുത്.
അന്ന് പുതുവത്സരരാത്രിയിൽ മുരുകൻ കാട്ടാക്കടയോടൊപ്പം ആ ടിവി ഷോയിൽ പങ്കെടുത്ത, ദേവിക എന്ന ആറുവയസ്സുകാരി എത്ര ഭംഗിയായാണ് വയലാറിന്റേയും മറ്റും കവിതകൾ ആലപിച്ചത്! അക്ഷരങ്ങൾ കൂട്ടിയെഴുതാൻ പോലുമായിട്ടില്ലാത്ത ആ ചെറുപ്രായത്തിൽ...!!
രണ്ട്
കുട്ടികളെ  ആലാപനമികവോടെ  കവിതയിലേക്കടുപ്പിക്കാൻ 1999 മുതൽ ഞങ്ങൾ നടത്തിയ ഒരു ശ്രമം ഓർമ വരുന്നു. സൂര്യ ടി.വി.യുടെ 'പൊൻപുലരി" എന്ന പനോരമയുടെ പ്രഭാതപരിപാടിയിൽ 'കാവ്യാമൃതം" എന്ന പ്രതിവാര പഠനക്കളരി മൂന്നുവർഷവും നയിച്ചത് പ്രശസ്ത കവി വി. മധുസൂദനൻനായരായിരുന്നു. എഴുത്തച്ഛൻ തൊട്ട് കവിത്രയങ്ങളിലൂടെ ആധുനിക കവികളുടെ വരെ വരികൾ ഈണത്തിലും താളത്തിലും ഉച്ചാരണസ്ഫുടതയിലും കുട്ടികളെ അഭ്യസിപ്പിക്കുന്ന ആ പരിപാടി വൻവിജയം കണ്ടു. തന്റെ തിരക്കിട്ട എഴുത്തിനും അദ്ധ്യാപനത്തിനും പലവിധമായ സാഹിത്യയാത്രകൾക്കുമിടയിൽ മധുസൂദനൻ സാർ ഒരു ജീവിതവ്രതമായി ആ പരിപാടിയെക്കണ്ടു. പിന്നീട് ജീവൻ ടി.വി.യിൽ 'പുലർകാലം" എന്ന  പ്രഭാതപരിപാടിയിലേക്കു  ഞങ്ങൾ ചുവടു മാറിയപ്പോൾ ഈ  ആശയത്തിന്റെ വക്താവായി മുരുകൻ കാട്ടാക്കട ഒപ്പം ചേർന്നു. രണ്ടുവർഷത്തോളം കുട്ടികൾക്ക് വാക്കുകളുടെ സ്ഥൈര്യവും സൗന്ദര്യവും പകർന്നു നൽകാൻ അദ്ദേഹം കൂടെ നിന്നു. അക്കാലത്തുതന്നെ പാരമ്പര്യകവിതകളെയും പുതുകവിതകളേയും പാടി ഫലിപ്പിക്കുന്ന 'സുകൃതം" എന്ന ഒരു പരിപാടിക്കായി  സുഹൃത്കവി  ശിവകുമാർ അമ്പലപ്പുഴയും നാലുവർഷം സ്ഥിരമായി പനോരമ സ്റ്റുഡിയോയിലെത്തുമായിരുന്നു. ആ പ്രഭാതപരിപാടികളിൽ യുവകവികൾക്കായി 'തട്ടകം" എന്ന ഒരു അവതരണവേദി കൂടി ഒരുക്കാനായത് ഹൃദ്യമായ ഓർമ. ഗിരീഷ് പുലിയൂരും ദിവാകരൻ വിഷ്ണുമംഗലവും  കണിമോളും നാലപ്പാടം പത്മനാഭനും ശങ്കർ രാമകൃഷ്ണനും രാജൻ കൈലാസുമടക്കം എത്രയോ പേർ പനോരമയിൽ വന്ന് കവിതകൾ ചൊല്ലി സംതൃപ്തരായി... ഇപ്പോൾ ആലാപനസൗകുമാര്യത്തിൽ മധുസൂദനൻ സാറിന്റെ വഴി ശ്രദ്ധേയമായി പിന്തുടരുന്ന യുവകവി എൻ. എസ്. സുമേഷ് കൃഷ്ണൻ 'കേരളപനോരമ" യൂട്യൂബ് ചാനലിലെ 'കവി വഴി കവിമൊഴി" എന്ന പ്രതിവാരപരിപാടിയിലൂടെ എഴുത്തച്ഛൻ തൊട്ട് വയലാറും ഒ.എൻ.വി.യും പുതുശ്ശേരി രാമചന്ദ്രനും കടന്ന് ആധുനിക കവികളിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു...
കവിത ആലാപനഭംഗിയാൽ കൂടുതൽ ജനകീയമാവുന്നു എന്നതാണ് ഈ പരിപാടികളുടെയൊക്കെ ഫലശ്രുതി. കൈരളി ടി.വി.യിൽ കുറേക്കാലം മുമ്പുണ്ടായിരുന്ന 'മാമ്പഴം" എന്ന  പോയട്രി റിയാലിറ്റി ഷോ നൽകിയ  നല്ല മാറ്റവും  കാണാതിരിക്കാനാവില്ല.
 
മൂന്ന്
കവിയരങ്ങുകൾ നാട്ടിൻപുറങ്ങളിൽ വരെ സജീവമായിരുന്ന കാലമുണ്ടായിരുന്നു. വേറിട്ട ശബ്ദമുയർത്തി പുനലൂർ ബാലനും കടമ്മനിട്ടയും ചുള്ളിക്കാടും വിനയചന്ദ്രനും കുരീപ്പുഴയുമൊക്കെ കടന്നുവന്നു. എന്തൊരാൾക്കൂട്ടമായിരുന്നു അവരുടെ ആലാപനവേദികളിൽ. വടക്കൻപാട്ടും കുറത്തിയും ശാന്തയും മാപ്പുസാക്ഷിയും യാത്രാമൊഴിയും അഞ്ചിതൾ വിനായകവും ജെസ്സിയും സിരകളിൽ പകർന്ന ഊർജം എങ്ങനെയാണ് മറക്കുക? അവരോടൊപ്പം മലബാറിലെ വേദികളിൽ ജ്വരബാധയുണ്ടാക്കിയ കരിവെള്ളൂർ മുരളിയുടെ മുഴങ്ങുന്ന ശബ്ദം ഇന്നും കാതോർത്താൽ കേൾക്കാം. 'ചോന്ന മണ്ണിന്റെ പാട്ടും" 'കൺജക്റ്റിവിറ്റീസ് എന്ന കണ്ണുരോഗ" വും ഒക്കെ പൊള്ളുന്ന വരികളായി ആ കനത്ത ശബ്ദത്തിൽ മനസ്സിൽ നിറയുന്നു...
കവിതകൾ ചൊല്ലിപ്പഠിച്ചുവളർന്ന അഥവാ 'പദ്യപാരായണം" ശീലിച്ച ഒരു പ്രൈമറി - ഹൈസ്കൂൾ കാലമുള്ളതുകൊണ്ട് ഇപ്പോഴും വള്ളത്തോളും ആശാനും നമ്പ്യാരും വൈലോപ്പിള്ളിയും ജി.യും പിയും ഒക്കെ തീർത്ത മുഗ്ദ്ധലാവണ്യം എന്റെ വഴികളിൽ പ്രകാശമായുണ്ട്. അവരുടെയൊക്കെ കവിതകൾ  നന്നായി ചൊല്ലിത്തന്ന അദ്ധ്യാപകരുടെ കഴിവുകൂടിയാണത്. അതിനാൽ  കവിതകളുടെ  വായനയിലേക്കും  പഠനത്തിലേക്കും കൂടുതലടുപ്പിക്കാൻ ഈ പുതുകാലത്തും ആലാപനവേദികളൊരുക്കുക തന്നെ വേണം; കവിതകൾ ചൊല്ലുന്നവരെ രണ്ടാംകിട 'ചൊൽക്കവികളാ"ക്കുകയല്ല വേണ്ടത്.
നാല്
ഇപ്പോഴും യാത്രകളിൽ ഞാൻ കാറിലിരുന്ന് സ്ഥിരമായി കേൾക്കുന്നത് പ്രിയ സുഹൃത്ത് ജി. വേണുഗോപാൽ മനോഹരമായി ആലപിച്ച  കക്കാടിന്റേയും സുഗതകുമാരിയുടേയും കവിതകളാണ്. കവിതകൾ പോലെത്തന്നെ കഥകൾ മനോഹരമായി വായിച്ചവതരിപ്പിക്കുന്ന ഓൺലൈൻ യൂട്യൂബ് ചാനലുകളുമിപ്പോഴുണ്ട്. ബന്ന ചേന്നമംഗല്ലൂരും പ്രവീജ വിനീതും ഉമാദേവിയുമൊക്കെ സ്ഫുടതയോടെ അവതരിപ്പിക്കുമ്പോൾ കഥകളുടെ സൗകുമാര്യം വർദ്ധിക്കുന്നു. ഇന്ന് പല പ്രസിദ്ധീകരണങ്ങളും കവിതകളും കഥകളും പ്രസിദ്ധീകരിക്കുന്നതിനൊപ്പം തന്നെ ക്യു.ആർ. കോഡിലൂടെ അവയുടെ ഓഡിയോയും കൊടുക്കുന്നുണ്ട്. ലോകമാകെ ഓഡിയോ ബുക്കുകളും സാധാരണമാവുന്നു. ഈയിടെ  ഒരു ചങ്ങാതി വല്ലാതെ സന്ദേഹിയായി: 'ഇങ്ങനെ കവിതകളും കഥകളും ശബ്ദമായി ചുട്ടെടുത്തുകൊടുത്താൽ വായന മരിക്കില്ലേ?" അയാളുടെ സന്ദേഹത്തിനൊപ്പം ഞാനും ഒരന്വേഷണത്തിന് തയ്യാറായി. 'നാറാണത്തു ഭ്രാന്തൻ" എന്ന കവിത ചൊല്ലിക്കേട്ടു രസിക്കുമ്പോൾ തന്നെ മധുസൂദനൻ നായരുടെ പുസ്തകത്തിന് പല പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു എന്നതാണ്  ലഭിച്ച  ഉത്തരം. മുരുകൻ കാട്ടാക്കടയുടെ 'കണ്ണട" എന്ന കവിതാപുസ്തകവും നന്നായി  വിറ്റഴിയുന്നുണ്ട്. കവിതയിലേക്കും കഥയിലേക്കുമൊക്കെ അനുവാചകരെ കൂടുതലടുപ്പിക്കുക തന്നെയാണ്  അപ്പോൾ  ഈ ശബ്ദവഴികൾ.. അതിങ്ങനെ, ഇനിയും തുടരട്ടെ. കവിതകളും കഥകളും പൂത്തുലയട്ടെ...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)