
കെ ബി ഗണേഷ് കുമാറും സഹോദരിയായ ഉഷാ മോഹൻ ദാസും തമ്മിലുള്ള വാക്ക്പോര് മുറുകുന്നതിനിടയിൽ സഹോദരിയുടെ വാദങ്ങൾക്ക് മറുപടിയായി വീഡിയോ പങ്കുവച്ച് കെ ബി ഗണേഷ് കുമാർ.
അച്ഛന്റെ ആത്മാവിന്റെ അനുഗ്രഹം തനിക്കുണ്ട്. സ്വയം ചെയർമാനായി അവരോധിച്ച് ഏകാധിപത്യ പ്രവണത കാട്ടുന്ന ഗണേഷിന് ആർ.ബാലകൃഷ്ണ പിള്ളയുടെ പേരുപയോഗിക്കാൻ അർഹതയില്ല. ഒരിക്കൽപ്പോലും അച്ഛന് പിന്തുണയായോ , അച്ഛനെ സ്നേഹിച്ചോ ഗണേഷ് നിന്നിട്ടില്ലെന്നാണ് കൗമുദി ടി വിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ ഉഷാ മേഹൻദാസ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കെ.ബി.ഗണേഷ്കുമാർ വീഡിയോ പങ്കുവച്ചത്.
കേരള കോൺഗ്രസ് സ്ഥാപക നേതാവ്, കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ ആർ.ബാലകൃഷ്ണപിള്ള സാർ ജീവിച്ചിരുന്നപ്പോഴുള്ള അവസാനത്തെ ജന്മദിന ആഘോഷം എന്ന തലക്കെട്ടിൽ പങ്കുവച്ച വീഡിയോയിൽ കെ ബി ഗണേഷ് കുമാർ, ഉഷാ മോഹൻദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആർ.ബാലകൃഷ്ണപിള്ള കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതാണ് കാണാൻ കഴിയുന്നത്. തുടർന്ന് കെ ബി ഗണേഷ് കുമാർ വായിലേക്ക് വയ്ക്കുന്ന കേക്ക് കഴിക്കുന്ന ആർ.ബാലകൃഷ്ണപിള്ള മകളായ ഉഷാ മോഹൻദാസ് കൊടുക്കുന്ന കേക്ക് വാങ്ങുന്നില്ല.