yogi

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അധികാരം പിടിക്കാൻ പാർട്ടികൾ പതിനെട്ടടവും പയറ്റുകയാണ്. ഏറ്റവും ഒടുവിൽ ഭഗവാൻ കൃഷ്ണനെ കൂട്ടുപിടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ്‌ വാദി പാർട്ടി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തുമെന്ന് ഭഗവാൻ കൃഷ്ണൻ സ്വപ്നത്തിൽ വന്നു പറഞ്ഞെന്നാണ് അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞത്.

കൃഷ്ണൻ പതിവായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെടുമെന്ന് പറഞ്ഞതായും അഖിലേഷ് അവകാശപ്പെട്ടു. മഥുര മണ്ഡലത്തിലേക്ക് യോഗി ആദിത്യനാഥിനെ നാമനിർദേശം ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി യുടെ രാജ്യസഭാ എം പി ഹർനാഥ് സിംഗ് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്ക്ക് അയച്ച കത്ത് പരാമർശിച്ചായിരുന്നു അഖിലേഷ് ഇങ്ങനെ പറഞ്ഞത്. മഥുര മണ്ഡലത്തിൽ നിന്ന് യോഗി മത്സരിച്ചാൽ വിജയിക്കുമെന്ന് ശ്രീകൃഷ്ണൻ പറഞ്ഞുവെന്നാണ് ഹർനാഥ് സിംഗ് അവകാശപ്പെട്ടത്.

എന്നാൽ, അധികാരത്തിലെത്താമെന്ന് അഖിലേഷിന്റെ സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് ബി ജെ പി വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തെക്കാൾ വൻ ഭൂരിപക്ഷത്തിൽ യോഗിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപീകരിക്കുമെന്നാണ് പാർട്ടി പറയുന്നത്. സംസ്ഥാനത്ത് ബി ജെ പി അധികാരം നിലനിറുത്തുമെന്നാണ് അടുത്തിടെ നടത്തിയ ചില സർവേകളും പറഞ്ഞിരുന്നുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന പാർട്ടികളായ ബി ജെ പിയും എസ് പിയും തമ്മിൽ രൂക്ഷമായ വാക് പോരാണ് അരങ്ങേറുന്നത്. ക്രമസമാധാനം, രാമക്ഷേത്രം, പിയൂഷ് ജെയിൻ കേസ്, മാഫിയ രാജ് തുടങ്ങി നിരവധി വിഷയങ്ങളിൽ ഇരു പാർട്ടികളും പരസ്പരം ആക്രമിക്കുകയാണ്. വാക്‌പോരിന് മൂർച്ചകൂട്ടാൻ കോൺഗ്രസും രംഗത്തുണ്ട്.