
തിരുവനന്തപുരം: കൊവിഡ് നിയന്ത്റണങ്ങളും കനത്ത മഴയിൽ തകർന്ന റോഡും കാരണം അടച്ചിട്ടിരുന്ന പൊന്മുടി വിനോദസഞ്ചാര കേന്ദ്രം നാളെ മുതൽ നിയന്ത്രണങ്ങളോടെ പ്രവർത്തിച്ചു തുടങ്ങും. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം. ഒരു ദിവസം 1500 പേർക്കാണ് സന്ദർശനാനുമതി നൽകിയിട്ടുള്ളത്. അപകടാവസ്ഥയിലുള്ള റോഡിന്റെ ഭാഗത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
മഞ്ഞിന്റെ സീസൺ ആരംഭിച്ചതോടെയാണ് വീണ്ടും സഞ്ചാരികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഒരാൾക്ക് 40 രൂപയാണ് പാസ് ഏർപ്പെടുത്തിയിരിക്കുന്നത്. https://keralaforestecotourism.com/ എന്ന ലിങ്കിൽ കയറി ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്ക് ചെയ്യാത്തവർക്ക് പ്രവേശനമുണ്ടായിരിക്കില്ല. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് സന്ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
ക്രിസ്‌തുമസ് പുതുവത്സരത്തോടത്തനുബന്ധിച്ച് പൊന്മുടിയിലേക്കുള്ള യാത്രനിരോധനം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. 2021 സെപ്‌തംബർ 21 നാണ് വനംവകുപ്പ് പൊൻമുടി അടച്ചത്. കൊവിഡ് കുറഞ്ഞപ്പോൾ തുറക്കാൻ തീരുമാനിച്ചെങ്കിലും ഇതിനിടയിൽ ശക്തമായ മഴ പെയ്യുകയും, കല്ലാർ ഗോൾഡൻവാലിയിൽ റോഡരിക് ഇടിഞ്ഞുവീഴുകയും ചെയ്‌തു. ഇതോടെയാണ് വീണ്ടും പൊൻമുടിയിലേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.